മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും മഴ തുടരും. വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗത്തായി തെക്കൻ അറബിക്കടലിന്റെ മദ്ധ്യഭാഗത്തായും ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതുമൂലം കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Source link
Exit mobile version