KERALAMLATEST NEWS

കോടതിയിൽ ശക്തമായ വാദപ്രതിവാദം; ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു.

ജാമ്യാപേക്ഷയെ എതിർത്ത് നവീന്റെ ഭാര്യ മഞ്ജുഷയും ഹർജിയിൽ കക്ഷിചേർന്നിരുന്നു. നിലവിൽ പള്ളിക്കുന്ന് വനിതാ ജയിലിൽ കഴിയുകയാണ് ദിവ്യ. ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് ദിവ്യ കീഴടങ്ങിയത്.

എഡിഎം കെെക്കൂലി വാങ്ങിയെന്ന വാദമാണ് ദിവ്യയുടെ അഭിഭാഷകൻ ഉന്നയിച്ചത്. കെെകൂലി നൽകിയതിനാണ് പ്രശാന്തിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടതിന് സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു. അഞ്ചാം തീയതി പ്രശാന്തൻ സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ സ്വർണവായ്പ‌യെടുത്തതും ആറാം തീയതി എഡിഎമ്മുമായി ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ കോടതിയിൽ ആവശ്യപ്പെട്ടത്.

ഫോൺ വിളിച്ചാൽ കെെക്കൂലി വാങ്ങിയെന്നാകുമോയെന്ന് പ്രോസിക്യൂഷൻ മറുവാദത്തിൽ ചോദിച്ചു. കെെക്കൂലി ആരോപണം മാത്രമല്ല പ്രശാന്തനെതിരെ നടപടിക്ക് അച്ചടക്ക ലംഘനവും കാരണമായി. എഡിഎമ്മും പ്രശാന്തനും ഫോണിൽ സംസാരിച്ചാൽ എങ്ങനെ കെെക്കൂലി വാങ്ങിയതിന്റെ തെളിവാകുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു.

എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീൻ ബാബുവിന്റെ കുടുംബം വാദിച്ചു. എ‌ഡിഎമ്മിന്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ല. ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണെന്നും നവീൻ ബാബുവിന്റെ അഭിഭാഷകൻ വാദിച്ചു.


Source link

Related Articles

Back to top button