ഉത്തരകൊറിയയും റഷ്യയും ഒരുമിക്കുമ്പോള്‍; അമേരിക്ക ചൈനയ്ക്ക് കൈനീട്ടുന്നു!


ഒരു തട്ടുപൊളിപ്പന്‍ ‘ഹൂ ഡണിറ്റ്’ നോവല്‍ പോലെ ഉദ്വേഗമേറ്റുകയാണ് ആഗോളഭൗമ രാഷ്ടീയ ചതുരംഗക്കളി. യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കാതെ യുക്രെയിന് ആയുധങ്ങളും സാങ്കേതിക സഹായവും നല്‍കുന്ന നാറ്റോ സഖ്യകക്ഷി രാഷ്ട്രങ്ങള്‍; വന്‍തോതില്‍ പെട്രോളിയം വാങ്ങുകയും മറ്റ് വ്യാപാര ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്ത് റഷ്യയുടെ സാമ്പത്തിക മാംസപേശികളുടെ കരുത്ത് നിലനിര്‍ത്തുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്ന ചൈന. ഇവര്‍ക്കിടയിലേക്ക് ഒരു മൂന്നാം കക്ഷി എത്തുകയാണ്- ഉത്തരകൊറിയ. അവരുടെ പതിനായിരം ഭടന്‍മാര്‍ റഷ്യയിലെത്തിക്കഴിഞ്ഞു, വൈകാതെ യുക്രെയിനെതിരെ യുദ്ധക്കളത്തിലിറങ്ങുമെന്നും പാശ്ചാത്യര്‍ ആരോപിക്കുന്നു, റഷ്യയും ഉത്തരകൊറിയയും അത് ശക്തിയായി നിഷേധിക്കുന്നു. റഷ്യയിലെ കുര്‍സ്‌കില്‍ നാല്‍പ്പത് ഉത്തരകൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.മാസം മുപ്പതിനായിരം സൈനികരെ റിക്രൂട്ടു ചെയ്യുന്ന റഷ്യയ്ക്ക് പതിനായിരം പട്ടാളക്കാര്‍ എന്നത് ചെറിയ സംഖ്യയാണ്, അതിനാല്‍ യുദ്ധത്തെ കാര്യമായി ബാധിക്കില്ലെന്നായിരുന്നു വിദഗ്ധമതം. പക്ഷേ, യുദ്ധരംഗത്തെക്കാള്‍ ലോകത്തെ ബാധിക്കുന്ന മറ്റു ചില മേഖലകളുണ്ടെന്ന് കഴിഞ്ഞ ചില ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. തങ്ങളെ അറിയിക്കാതെ, അല്ലെങ്കില്‍ അനുമതിയില്ലാതെ ഉത്തരകൊറിയ റഷ്യയുമായി അടുക്കുന്നത് ചൈനയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് സൂചനകള്‍. ഇതു മണത്തറിഞ്ഞിട്ടാവണം, അമേരിക്ക ചൈനയെ ഡയല്‍ ചെയ്തു. മാത്രമല്ല, വാഷിംഗ്ടണിലെ ചൈനീസ് അംബാസഡര്‍ ഷീ ഫെങിന്റെ വസതിയില്‍ വെച്ച് ഇരുരാജ്യങ്ങളുടെയും നയതന്ത്രജ്ഞര്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തി. തങ്ങളുടെ ഉത്കണ്ഠകള്‍ ചൈനയ്ക്കു മനസ്സിലായിട്ടുണ്ടെന്നും ചൈന ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.


Source link

Exit mobile version