പ്രതിയെ പിടികൂടാൻ ബൈക്കിൽ യാത്ര ചെയ്യവേ കാറിടിച്ച് അപകടം; എസ്‌ഐ ഉൾപ്പെടെ രണ്ട് വനിതാ പൊലീസുകാർ മരിച്ചു
ചെന്നൈ: മോഷണക്കേസ് പ്രതിയെ പിടികൂടാനുള്ള യാത്രക്കിടെ കാറിടിച്ച് എസ് ഐ ഉൾപ്പെടെ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. മാധവരം മിൽക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ് ഐ ജയശ്രീ (33), കോൺസ്റ്റബിൾ നിത്യ (27) എന്നിവരാണ് മരിച്ചത്. ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മേൽമറുവത്തൂരിന് സമീപമായിരുന്നു അപകടമുണ്ടായത്.
ജയശ്രീയും നിത്യയും ബൈക്കിൽ യാത്ര ചെയ്യവേ അമിതവേഗത്തിലെത്തിയ കാർ ഇവരെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ മറിയുകയും ചെയ്തു. അപകടത്തിന് പിന്നാലെ പൊലീസുകാരെ ചെങ്കൽപ്പേട്ട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ അൻപഴകനെ അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായാണ് നിഗമനം.
രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള ഇൻസ്റ്റഗ്രാം താരം കൂടിയാണ് ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീലുകളാണ് കൂടുതലായും പങ്കുവയ്ക്കാറുള്ളത്. ഇവയ്ക്കെല്ലാം അനേകം ലൈക്കുകളും കമന്റുകളും ലഭിക്കാറുണ്ട്.
Source link