കണ്ണൂർ: എഡിഎം കെ നവീൻബാബുവിന്റെ മരണത്തെ തുടർന്ന് റിമാൻഡിലുള്ള കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുന്നത്. ജാമ്യഹർജിക്കെതിരെ നവീൻബാബുവിന്റെ കുടുംബം കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. രാവിലെ 11 മണിയോടെയാണ് ഹർജി പരിഗണിക്കുന്നത്.
നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതിനെത്തുടർന്ന് ഒളിവിൽ പോയ പിപി ദിവ്യ ഒക്ടോബർ 29നാണ് അറസ്റ്റിലായത്. പള്ളിക്കുന്ന് വനിത ജയിലിലാണ് ദിവ്യ ഉള്ളത്. ഈ മാസം 12ാം തീയതി വരെയാണ് റിമാൻഡ് കാലാവധി. യാത്രഅയപ്പ് യോഗത്തിനുശേഷം നവീൻബാബു തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുള്ള കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയിൽ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം. തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കണ്ണൂർ കണ്ണപുരത്ത് വച്ച് പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എഡിഎമ്മിനെ അപമാനിക്കാൻ ദിവ്യ ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനംനൊന്ത് മറ്റ് വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Source link