തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്താൻ പറഞ്ഞത് താനാണെന്ന് ആരോപിച്ച ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിനെതിരെയും ഒരു സ്വകാര്യ ചാനൽ മേധാവിക്കെതിരെയും അപകീർത്തിക്കേസ് നൽകുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പറഞ്ഞു. താൻ സതീശിന്റെ വീട്ടിൽ പോയതായി പ്രചരിപ്പിക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്തതാണ്.
സഹോദരിയുടെ വീട്ടിൽ സതീശിനും കുടുംബവും അസുഖബാധിതയായി കിടന്ന എന്റെ അമ്മയെ കാണാൻ വന്നപ്പോൾ എടുത്ത ഫോട്ടോയാണിത്. ആ ഫോട്ടോയാണ് ഇപ്പോൾ സതീശിന്റെ വീട്ടിൽ ചെന്നതായി പ്രചരിപ്പിക്കുന്നത്. ഫോട്ടോയിൽ കാണുന്ന കർട്ടൻ ചേച്ചിയുടെ വീട്ടിലെയാണ്. അതേപോലുള്ള കർട്ടൻ സതീശിന്റെ വീട്ടിൽ ഉണ്ടോയെന്നറിയില്ല. രണ്ടു വർഷം മുമ്പെടുത്ത ചിത്രമാണിത്. തനിക്കെതിരെ സതീശിനെ കൊണ്ടുവന്നതിനു പിന്നിൽ ബി.ജെ.പി മുൻ ജില്ല പ്രസിഡന്റായിരുന്നവരിൽ ഒരാളുടെ ബുദ്ധിയാണ്. സതീശിനെതിരെ പറയാതിരിക്കാൻ ഇദ്ദേഹം തന്റെ അടുത്ത് ഇടനിലക്കാരനെ അയച്ചെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
പച്ചക്കള്ളമെന്ന് സതീശ്
ശോഭ സുരേന്ദ്രൻ തന്റെ വീട്ടിൽ വന്നിട്ടില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് തിരൂർ സതീശ് പറഞ്ഞു. വടക്കാഞ്ചേരിക്ക് പോകുന്ന വഴിക്കാണ് വീട്ടിൽ കയറിയത്. അന്ന് എടുത്ത ഫോട്ടോ തന്നെയാണ് പുറത്തുവിട്ടത്. എന്ത് നിയമനടപടിയെടുത്താലും നേരിടുമെന്നും സതീശ് പറഞ്ഞു.
ചാനലുകളെ വിലക്കി
വീട്ടിൽ നടത്തിയ പത്രസമ്മേളനത്തിൽ രണ്ടു സ്വകാര്യ ചാനലുകാരെ ശോഭ സുരേന്ദ്രൻ വിലക്കി. ‘എന്റെ മുഖം ഇതിൽ കാണിക്കേണ്ട. ഇതിന്റെ പേരിൽ എല്ലാവരും ബഹിഷ്‌കരിച്ചാൽ മറ്റു വഴികൾ നോക്കു”മെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
Source link