മദ്രസ വിഷയത്തിൽ ഉൾപ്പെടെ സുപ്രധാന വിധികൾ ഇന്ന് – Madrasa issue supreme court verdict today | India News, Malayalam News | Manorama Online | Manorama News
മദ്രസ വിഷയത്തിൽ ഉൾപ്പെടെ സുപ്രധാന വിധികൾ ഇന്ന്
മനോരമ ലേഖകൻ
Published: November 05 , 2024 07:18 AM IST
1 minute Read
സ്വകാര്യസ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മഹാരാഷ്ട്ര കേസിലും ഇന്നു വിധി
(File Photo: IANS)
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്നു വിധി പറയും. ഇതിനു പുറമേ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചുകൾ വാദം കേട്ട് വിധി പറയാൻ മാറ്റിയ സ്വകാര്യസ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മഹാരാഷ്ട്രയിൽ നിന്നുള്ള കേസിലും ഇന്നു വിധിയുണ്ടാകും.10 വരെ ചുമതലയിലുണ്ടാകുമെങ്കിലും 8 വരെയേ പ്രവൃത്തിദിനമുള്ളുവെന്നതിനാൽ ചീഫ് ജസ്റ്റിസ് വാദം കേട്ട മറ്റു കേസുകളിലും ഇന്നും നാളെയുമായി വിധി പറയും.
രാജ്യത്തെ മദ്രസകളുടെ ഭാവി സംബന്ധിച്ചു നിർണായകമാണ് യുപിയിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമവുമായി ബന്ധപ്പെട്ട ഹർജികൾ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞ മാസം 22നാണ് ഹർജികളിൽ വാദം പൂർത്തിയാക്കിയത്.
മദ്രസകളെ നിയന്ത്രിക്കാനും സർക്കാർ ധനസഹായം അവസാനിപ്പിക്കാനും സർക്കുലർ അയച്ച് ബാലാവകാശ കമ്മിഷൻ നടപടി കടുപ്പിക്കുന്നതിനിടെയാണ് ഇതെന്നതിനാൽ വിധിക്കു പ്രധാന്യമേറെയാണ്.
സ്വകാര്യ സ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാൻ സർക്കാരിനു കഴിയുമോ എന്ന വിഷയത്തിലും ഭരണഘടനാ ബെഞ്ച് ഇന്നു വിധി പറയും. 9 അംഗ ബെഞ്ച് മേയ് ഒന്നിന് കേസ് വിധി പറയാൻ മാറ്റിയിരുന്നു. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പു നടക്കുന്നതിനിടെ മുംബൈയിലെ ആയിരക്കണക്കിനു താമസക്കാരെ ബാധിക്കുന്നതാകും വിധി.
മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡവലപ്മെന്റ് ആക്ട് (മേഡ) നിയമത്തിൽ 1986ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം 70% താമസക്കാരുടെ അനുമതിയുണ്ടെങ്കിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള വസ്തു ഏറ്റെടുത്ത് അറ്റകുറ്റപ്പണി ചെയ്യാനും പൊതുനന്മയ്ക്കായി പുനർവിതരണം ചെയ്യാനും സർക്കാരിനു കഴിയും. ഇതാണ് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടത്.
ന്യൂനപക്ഷ പദവി: വിധി പിന്നാലെഅലിഗഡ് മുസ്‍ലിം സർവകലാശാലയ്ക്കു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന പദവിക്ക് അർഹതയുണ്ടോ എന്ന വിഷയത്തിൽ ഫെബ്രുവരി ഒന്നിന് ഏഴംഗ ബെഞ്ച് വാദം പൂർത്തിയാക്കി. ന്യൂനപക്ഷ പദവി അനുവദിക്കുന്നതിലെ മാനദണ്ഡം, കേന്ദ്ര സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകാമോ, ഇക്കാര്യങ്ങളിൽ സർക്കാരിന്റെ നിലപാട് തുടങ്ങിയവ ബെഞ്ച് പരിഗണിച്ചു. ഇതിനു പുറമേ, ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശ വിഷയം സംബന്ധിച്ച കേസിലും ഉടൻ വിധിയുണ്ടാകും.
English Summary:
Madrasa issue supreme court verdict today
mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-news-national-states-uttarpradesh mo-judiciary-justice-dy-chandrachud 22dm33aj6c0rqjvhvnqf3bevnh
Source link