KERALAM

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് നടിയുടെ പരാതി,​ ശ്രീകുമാർ മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണമടക്കം ഉന്നയിച്ച് പ്രമുഖനടി നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. തൃശൂർ ഈസ്റ്റ് പൊലീസിന്റെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിന്റെ തുടർനടപടികളാണ് ജസ്റ്റിസ് എസ്. മനു റദ്ദാക്കിയത്. പിന്തുടർന്ന് ശല്യപ്പെടുത്തൽ, അശ്ലീല ആംഗ്യങ്ങൾ, അശ്ലീല പദപ്രയോഗങ്ങൾ തുടങ്ങി ഹർജിക്കാരനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ശ്രീകുമാർ മേനോൻ നൽകിയ ഹർജിയിൽ പലതവണ നോട്ടീസ് നൽകിയിട്ടും നടി മറുപടി സമർപ്പിച്ചില്ലെന്നും ഉത്തരവിലുണ്ട്.

ശ്രീകുമാർ മേനോൻ അപവാദപ്രചാരണങ്ങൾ നടത്തി തകർക്കാൻ ശ്രമിക്കുന്നതായും അസഭ്യം പറയുന്നതായും നടി 2019 ഒക്ടോബറിൽ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂ‌ർ പൊലീസ് കേസെടുത്തത്. താൻ ഒപ്പിട്ട ലെറ്റർ ഹെഡുകൾ ശ്രീകുമാർ ദുരുപയോഗം ചെയ്തെന്നും സിനിമയുടെ സെറ്റിലും പ്രമോഷൻ സമയത്തുമെല്ലാം തന്നെ താറടിച്ചെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു. ദുബായ് എയർപോർട്ടിൽ വച്ച് അസഭ്യം പറഞ്ഞെന്നും നടി പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ദുബായിൽ നടന്ന പ്രശ്നം ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ചേർത്തിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സംഭവം നടന്ന് 10 മാസം കഴിഞ്ഞാണ് ഇത് ഉന്നയിച്ചത്. വിദേശത്തു നടന്ന സംഭവം അന്വേഷിക്കാൻ പൊലീസ് കേന്ദ്രാനുമതി തേടിയിട്ടില്ല. ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും മോശപ്പെടുത്തി എന്നത് പിൻതുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റമായി പരിഗണിക്കാനാകില്ല. അശ്ലീല അംഗവിക്ഷേപങ്ങളുണ്ടായെന്ന തെളിവില്ലാതെയാണ് ഇതിനുള്ള വകുപ്പും കുറ്റപത്രത്തിൽ ചേർത്തതെന്നതടക്കം വിലയിരുത്തിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.


Source link

Related Articles

Back to top button