‘അമ്മയെ പറഞ്ഞ ആരോടും ക്ഷമിക്കില്ല, രാഹുൽ ജയിക്കണമെന്ന് മുരളീധരൻ ആഗ്രഹിക്കില്ല’; പത്മജ വേണുഗോപാൽ
പാലക്കാട്: യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയതിനെ വീണ്ടും വിമർശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. പാലക്കാടൊന്നും ആരുമില്ലേ സ്ഥാനാർത്ഥിയായി നിർത്താനെന്നും പത്തനംതിട്ടയിൽ നിന്ന് കൊണ്ടുവരേണ്ടതുണ്ടോയെന്നും പത്മജ ചോദിച്ചു. കെ മുരളീധരൻ ഒരിക്കലും സ്വന്തം താല്പര്യപ്രകാരം പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.
‘മുരളീധരൻ അമ്മക്കുട്ടിയായിരുന്നു. അമ്മ എന്നുപറഞ്ഞാൽ അദ്ദേഹത്തിന് അത്ര ജീവനായിരുന്നു. ആ അമ്മയെ പറഞ്ഞ ആരോടും മുരളീധരൻ മനസിൽ ക്ഷമിക്കില്ല. അത് തനിക്ക് അറിയാം. പാർട്ടി പറഞ്ഞാൽ അദ്ദേഹം പലതും ചെയ്യേണ്ടിവരും. എന്റെ ജീവിതത്തിൽ മുരളീധരൻ കരഞ്ഞ് കണ്ടത് അമ്മ മരിച്ച സമയത്താണ്. അച്ഛൻ മരിച്ച സമയത്ത് സ്ട്രോങ്ങായി നിന്നയാളാണ്. അത്രയ്ക്ക് അമ്മയോട് അടുപ്പമുള്ളയാളാണ്. രാഹുൽ ജയിക്കാൻ അദ്ദേഹം ഒരിക്കലും മനസിൽ ആഗ്രഹിക്കില്ല. രാഹുലിനെ എന്തിനാണ് പാലക്കാട് കൊണ്ടുവന്നത്? സ്വന്തമായി ഒരു അഭിപ്രായവും ഇല്ലാത്തയാളാണ് രാഹുൽ. സോഷ്യൽ മീഡിയയിലൂടെ മാത്രം വളർന്നയാളാണ്. പ്രിയദർശൻ സിനിമ പോലെയാണ് കോൺഗ്രസിലെ കാര്യങ്ങൾ. ഒരാൾ ഏത് ഗ്രൂപ്പിലെന്ന് രാവിലെ എണീറ്റാൽ അറിയാം. ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ പാലക്കാട്ടുകാരനാണ്. കൃഷ്ണകുമാറിനെ 24 മണിക്കൂറും കൽപ്പാത്തിയിലും ടൗണിലും കാണാം. അങ്ങനൊരാൾ എംഎൽഎ ആകുന്നതല്ലേ നമുക്ക് നല്ലത്’,- പത്മജ വ്യക്തമാക്കി.
Source link