ഡൽഹിക്ക് ‘ആശ്വസിക്കാം’; ഏറ്റവും മോശം വായു ഇവിടെയല്ല, പാക്കിസ്ഥാനിൽ; ലോകത്തിൽ ഒന്നാമത്

ഡൽഹിക്ക് ‘ആശ്വസിക്കാം’; ഏറ്റവും മോശം വായു ഇവിടെയല്ല, പാക്കിസ്ഥാനിൽ; ലോകത്തിൽ ഒന്നാമത് – Lahore’s Air Pollution Six Times Worse Than Delhi’s, Claims Top Spot Globally | Latest News | Manorama Online

ഡൽഹിക്ക് ‘ആശ്വസിക്കാം’; ഏറ്റവും മോശം വായു ഇവിടെയല്ല, പാക്കിസ്ഥാനിൽ; ലോകത്തിൽ ഒന്നാമത്

ഓൺലൈൻ ഡെസ്ക്

Published: November 04 , 2024 07:02 PM IST

1 minute Read

വായു മലിനീകരണം രൂക്ഷമായ ഡൽഹി നഗരത്തിൽ മാസ്ക് അണിഞ്ഞു ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ

ന്യൂഡൽഹി ∙ ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡൽഹിയിലെ വായുമലിനീകരണം അതിരൂക്ഷമായതിൽ സങ്കടപ്പെടുന്ന തലസ്ഥാനവാസികൾക്ക് ‘ആശ്വാസവാർത്ത’. ലോകത്തിലെ ഏറ്റവും മോശം വായുനിലവാര സൂചികയുള്ള നഗരം ഡൽഹിയല്ല; അതു പാക്കിസ്ഥാനിലാണ്. പാക്ക് നഗരമായ ലഹോറിൽ ഡൽഹിയേക്കാൾ 6 മടങ്ങ് മോശം വായുവാണ് എന്നാണു റിപ്പോർട്ട്. ലഹോറിൽ ഞായറാഴ്ച വായുഗുണനിലവാര സൂചിക (എക്യുഐ) 1,900 ആയി ഉയർന്നു, ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.

14 ദശലക്ഷമാണു ലഹോറിലെ ജനസംഖ്യ. ലോകാരോഗ്യ സംഘടന നിശ്ചയിച്ച പരിധിയേക്കാൾ 6 മടങ്ങ് കൂടുതലാണ് ഇവിടെ വായുമലിനീകരണം. അടിയന്തര നടപടിയുടെ ഭാഗമായി സ്‌കൂളുകൾക്കു സർക്കാർ അവധി നൽകി. വർക് ഫ്രം ഹോം രീതി സ്വീകരിക്കാൻ കമ്പനികളോടു നിർദേശിച്ചു. ആരോഗ്യത്തിന് ഏറ്റവും ദോഷമുണ്ടാക്കുന്ന വായുവിലെ സൂക്ഷ്മകണികാ പദാർഥവും മാരകവുമായ പിഎം2.5 മലിനീകരണത്തിന്റെ അളവ് 610 ആയി ഉയർന്നു. 24 മണിക്കൂർ കാലയളവിൽ ആരോഗ്യകരമായി ലോകാരോഗ്യ സംഘടന കണക്കാക്കുന്ന 15 എന്ന പരിധിയേക്കാൾ 40 മടങ്ങ് കൂടുതലാണിത്.

ജനം വീട്ടിൽത്തന്നെ കഴിയുക, വാതിലുകളും ജനലുകളും അടച്ചിടുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ആശുപത്രികളിൽ സ്മോഗ് കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പഞ്ചാബിലെ  മുതിർന്ന മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു. മലിനീകരണം കുറയ്ക്കുന്നതിന് ഓട്ടോറിക്ഷകൾ നിരോധിച്ചു. ചില പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചിട്ടുണ്ട്. അയൽരാജ്യമായ ഇന്ത്യയിൽനിന്നുള്ള കാറ്റാണു ലഹോറിലെ വായുമലിനീകരണത്തിനു കാരണമെന്നാണു പാക്കിസ്ഥാന്റെ ആരോപണം. വിഷയത്തിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു പാക്ക് ഭരണകൂടം കത്തയച്ചു. 
‘‘പ്രാദേശികവും ആഗോളവുമായ പ്രശ്‌നമെന്ന നിലയിൽ നമുക്കു കാലാവസ്ഥാ നയതന്ത്രം ആവശ്യമാണ്. ഇന്ത്യയിൽനിന്നുള്ള കിഴക്കൻ കാറ്റ് മൂലം ലഹോറിൽ ഞങ്ങൾ ദുരിതം അനുഭവിക്കുകയാണ്. ഇതൊരു സ്വാഭാവിക പ്രതിഭാസമാണ്, ആരെയും കുറ്റപ്പെടുത്തുന്നില്ല’’– പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് സെക്രട്ടറി രാജ ജഹാംഗീർ അൻവർ പറഞ്ഞു. ഉത്തരേന്ത്യയിലെപ്പോലെ, പാക്കിസ്ഥാനിലും ശൈത്യകാലത്തു മലിനീകരണം കൂടാറുണ്ട്. മലിനീകരണപ്രശ്നം ലഹോർ നിവാസികളുടെ ശരാശരി ആയുർദൈർഘ്യം 7.5 വർഷം കുറയ്ക്കുമെന്നു ഷിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെട്ടു. അതേസമയം, ഡൽഹിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വായുഗുണനിലവാര സൂചിക 276 ആയി. 151-200 വരെയുള്ള എക്യുഐ അനാരോഗ്യകരമായാണു കണക്കാക്കുന്നത്.

English Summary:
Lahore’s Air Pollution Six Times Worse Than Delhi’s, Claims Top Spot Globally

3jnqu129s1772mir1tatuqvk19 mo-news-common-latestnews mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-environment-air-pollution mo-religion-deepavali


Source link
Exit mobile version