കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് നിയമോപദേശം. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവെെഎസ്‌പി വി കെ രാജു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ഹെെക്കോടതിയിലെ ഡിജിപിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്താനും നിർദേശമുണ്ട്. ഈ മൊഴിയെ അടിസ്ഥാനമാക്കി മുന്നോട്ട് പോകാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. അടുത്ത ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം തൃശൂരിൽ ഉണ്ടാകും. അതിന് ശേഷമായിരിക്കും തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തുക.
ഇതിനിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് പലയിടങ്ങളിലായി ബിജെപിക്കായി ഹവാലപ്പണം എത്തിച്ചെന്ന ഇടനിലക്കാരന്റെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങളും പുറത്തുവന്നു. കവർച്ചാക്കേസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊണ്ടുവന്ന ഹവാലപ്പണവുമായി ബന്ധപ്പെടുത്തി എങ്ങനെ അന്വേഷിക്കും എന്നതിൽ ഡിജിപി ഓഫീസിനോട് അഭിപ്രായം തേടി.
അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിൽ പുതിയ സാഹചര്യം കോടതിയെ ധരിപ്പിച്ച് മാത്രമേ പൊലീസിന് മുന്നോട്ടുപോകാനാകൂ. ജെഎഫ്എം കോടതിയിൽ തുടരന്വേഷണ അപേക്ഷ സമർപ്പിക്കും. കവർച്ച ചെയ്യപ്പെട്ട പണം ഹവാല ഇടപാടിലൂടെ വന്നതാണെന്ന് നേരത്തെയുള്ള റിപ്പോർട്ടിലുണ്ട്. കൂടുതൽ കോടികൾ എത്തിയെന്ന് തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണം എതൊക്കെ തലങ്ങളിൽ എങ്ങനെ വേണം എന്നതാണ് പരിശോധിക്കുന്നത്. കവർച്ചാക്കേസുമായി ബന്ധപ്പെടുത്തി ഇതന്വേഷിച്ചാൽ ഭാവിയിൽ അതിന്റെ സാധുത കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്നുറപ്പാണ്. ഇതിന് കൂടി മറുപടി തേടിക്കൊണ്ടാണ് പൊലീസ് നിയമോപദേശം തേടിയത്.
Source link