തിരുവനന്തപുരം: ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരെ ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ വിവാദത്തിൽ നിലപാടിലുറച്ച് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് അദ്ദേഹം വീണ്ടും മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിനായി രൂപീകരിക്കപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടെ കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം ഹാക്കിംഗ് ആണ് സംഭവിച്ചതെന്ന് വിശദീകരണവും നടത്തിയിരുന്നു.
‘മല്ലു ഹിന്ദു ഓഫീസേഴ്സ്’ മാത്രമല്ല ‘മല്ലു മുസ്ലിം ഓഫീസേഴ്സ്’ എന്ന ഗ്രൂപ്പും തന്നെ അഡ്മിൻ ആക്കിക്കൊണ്ട് ഫോൺ ഹാക്ക് ചെയ്തവർ ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. ‘ഫോൺ ഹാക്ക് ചെയ്തവർ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെ ചേർത്തുകൊണ്ട് തന്നെ അഡ്മിനാക്കി ഒരേസമയം 11 ഗ്രൂപ്പുകൾ ഉണ്ടാക്കി. അതിൽ രണ്ട് ഗ്രൂപ്പുകളാണ് മല്ലു ഹിന്ദു ഓഫീസേഴ്‌സും മല്ലു മുസ്ലിം ഓഫീസേഴ്സും. ഇക്കാര്യങ്ങളടക്കം ചൂണ്ടികാട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്’- അദ്ദേഹം പ്രതികരിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥരെ അതിശയിപ്പിച്ചുകൊണ്ടാണ് ദീപാവലിയുടെ തലേദിവസം മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പിന്റെ അഡ്മിൻ ഗോപാലകൃഷ്ണനായിരുന്നു. സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥരും ഗ്രൂപ്പിലുണ്ടായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവയ്ക്കുകയും ഗോപാലകൃഷ്ണനെ വിവരമറിയിക്കുകയുമായിരുന്നു. പിന്നാലെ അദ്ദേഹം ഗ്രൂപ്പ് ഡിലീറ്റാക്കി. ഇതോടെ തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സെെബർ പൊലീസിൽ പരാതി നൽകിയെന്നും അദ്ദേഹം സഹപ്രവർത്തകരെ അറിയിക്കുകയായിരുന്നു.
Source link