അധോലോകം അടക്കിവാഴുന്ന ദാവൂദ് ഇബ്രാഹിമിന്റെ മകൻ ഇങ്ങനെ ചെയ്യുമെന്ന് ആരെങ്കിലും കരുതുമോ?
ന്യൂഡൽഹി; ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ പ്രധാനിയാണ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം. അൽ ക്വയിദയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും യുഎൻ സുരക്ഷാസമിതിയും ദാവൂദിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇബ്രാഹിം കസ്‌കർ എന്ന പൊലീസ് കോൺസ്റ്റബിളിന്റെ മകനായി മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജില്ലയിൽ ജനിച്ചുവളർന്ന ദാവൂദ് മുംബയിലെ ഡോൺ ആയ കരീം ലാലയുടെ കീഴിൽ പ്രവർത്തിച്ചാണ് അധോലോകത്തേയ്ക്ക് എത്തുന്നത്. ശേഷം 80കളും 90കളിലുമായി തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു.
1993ലെ മുംബയ് നടന്ന സ്ഫോടന പരമ്പരകളുടെ മുഖ്യ സൂത്രധാരനായിരുന്നു ദാവൂദ്. നഗരത്തിലുടനീളം പന്ത്രണ്ടിടത്ത് ഉണ്ടായ സ്ഫോടനങ്ങളിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 700ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബയ് ഭീകരാക്രമണത്തിനുശേഷം ദാവൂദ് ദുബായിലേയ്‌ക്ക് രക്ഷപ്പെട്ടു. അവിടെ നിന്ന് പാകിസ്ഥാനിലേക്ക് കടന്നു.
ഭീകരാക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വേശ്യാവൃത്തി, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2003ലാണ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 2011ൽ, എഫ്ബിഐയും ഫോബ്സും തയ്യാറാക്കിയ പട്ടികയിൽ ലോകത്തിലെ മോസ്റ്റ് വാണ്ടഡ് പിടികിട്ടാപുള്ളികളിൽ മൂന്നാമത്തേത് ദാവൂദായിരുന്നു.
ഇതിനിടെ ദാവൂദ് മരണപ്പെട്ടെന്നും ഇല്ലെന്നും വാർത്തകൾ പരന്നു. വിഷബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന തരത്തിലായിരുന്നു അവ. എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ട് ഛോട്ടാ ഷക്കീൽ രംഗത്തെത്തി. ദാവൂദ് നേതൃത്വം നൽകുന്ന ഡി കമ്പനി എന്നറിയപ്പെടുന്ന അധോലോക സാമ്രാജ്യത്തിന്റെ ആഗോള ക്രിമിനൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ആളാണ് ഛോട്ടാ ഷക്കീൽ. ഭായി ആയിരം ശതമാനം ആരോഗ്യവാനാണെന്നാണ് ഒരു ദേശീയ മാദ്ധ്യമത്തോട് ഇയാൾ പറഞ്ഞത്.
ഇപ്പോഴിതാ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട പുതിയൊരു വാർത്ത പുറത്തുവരികയാണ്. ദാവൂദ് ഇബ്രാഹിം വിഷാദരോഗത്തിന് അടിമയാണെന്നാണ് ഇളയ സഹോദരനായ ഗുണ്ടാനേതാവ് ഇഖ്‌ബാൽ കസ്‌കർ മുംബയ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. തന്റെ സാമ്രാജ്യത്തെ നയിക്കാൻ ആരുമില്ലെന്നതാണ് വിഷാദത്തിന് കാരണം. ദാവൂദിന്റെ ഒരേയൊരു മകനായ മൊയിൻ നവാസ് കസ്‌കർ പിതാവിന്റെ അധോലോക പ്രവർത്തനങ്ങളോട് മുഖം തിരിച്ചതാണ് ഇതിന് കാരണം.
30കാരനായ മൊയിന് പിതാവിന്റെ ബിസിനസിൽ താൽപര്യമില്ലെന്ന് ഇഖ്ബാൽ പറയുന്നു. പാകിസ്ഥാനിലെ ഒരു പള്ളിയിൽ മതപുരോഹിതനായി പ്രവർത്തിക്കുകയാണ് ഇയാളെന്നാണ് വിവരം. ഭാര്യ സന്യ, മൂന്ന് മക്കൾ എന്നിവരോടൊപ്പം സ്വസ്ഥമായ ജീവിതം നയിക്കുകയാണ് മൊയിൻ. പള്ളിവക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. മതാദ്ധ്യാപകനായ മൊയിൻ മതപ്രഭാഷകൻ കൂടിയാണ്. മാനേജ്‌മെന്റിൽ ബിരുദധാരിയായ മൊയിൻ കുറച്ച് വർഷങ്ങൾ പിതാവിനൊപ്പം പ്രവർത്തിച്ചിരുന്നു. ഇതിനുശേഷമാണ് ആത്മീയ ജീവിതം സ്വീകരിച്ചത്.
അതേസമയം, റിപ്പോർട്ടുകൾ പ്രകാരം, ദാവൂദ് ഇബ്രാഹിം പതിറ്റാണ്ടുകളായി പാകിസ്ഥാനിലാണ് താമസം. എന്നാൽ, ഇക്കാര്യം പാകിസ്ഥാൻ പലതവണ നിഷേധിച്ചിരുന്നു. ദാവൂദ് ഇബ്രാഹിം അടക്കം 20 പ്രതികളെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ദാവൂദിന്റെ തലയ്‌ക്ക് 25 മില്യൺ ഡോളർ പാരിതോഷികമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബയ് സ്ഫോടനത്തിന് ശേഷം പാകിസ്ഥാനിലേയ്‌ക്ക് മാറാൻ ഇന്റർ സർവീസസ് ഇന്റലിജൻസുമായി (പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി/ ഐഎസ്‌ഐ) ദാവൂദ് ധാരണയിലെത്തിയെന്നാണ് വിവരം. ഏജൻസിക്ക് വേണ്ട സഹായങ്ങൾ ദാവൂദ് നൽകും. പകരം മറ്റ് ഗുണ്ടാസംഘങ്ങളിൽ നിന്നും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും ദാവൂദിനെ സംരക്ഷിക്കണം. ഇതായിരുന്നു ഇവർ തമ്മിലുള്ള ധാരണ എന്നാണ് റിപ്പോർട്ടുകൾ.
ദാവൂദിന്റെ വരുമാനത്തിന്റെ 30 ശതമാനവും പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് നൽകാമെന്ന കരാറും ഇവർ തമ്മിലുണ്ടാക്കി. 2013ൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ അബ്ദുൾ കരീം തുണ്ടയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ പാകിസ്ഥാനോട് കൈമാറാൻ ആവശ്യപ്പെട്ട ഭീകരരിൽ ഒരാളാണ് തുണ്ട. ദാവൂദ് തന്റെ പെൺമക്കളെ പാകിസ്ഥാനിലെ പ്രമുഖരുടെ മക്കളുമായി വിവാഹം കഴിപ്പിച്ചതും ചർച്ചയായിരുന്നു. കറാച്ചി, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ നിയമാനുസൃത ബിസിനസുകളിൽ നിന്ന് ദാവൂദിന് വരുമാനം ലഭിക്കുന്നുണ്ട്. ഇതിന്റെയെല്ലാം പങ്ക് പാകിസ്ഥാന് ലഭിക്കുന്നുണ്ടെന്നും വിവരമുണ്ട്.
Source link