ഭാര്യയുടെ മുന്നിൽവച്ച് ‘അങ്കിൾ’ എന്ന് വിളിച്ചു; പ്രകോപിതനായി കടയുടമയെ വലിച്ച് റോഡിലിട്ടു, ബെൽറ്റുകൊണ്ട് മർദിച്ചു
ഭോപ്പാൽ: ഭാര്യയുടെ മുന്നിൽ വച്ച് അങ്കിൾ എന്ന് വിളിച്ച കടയുടമയെ ഉപഭോക്താവ് മർദിച്ചതായി പരാതി. ഭോപ്പാലിലെ ജത്‌ഖേഡി പ്രദേശത്ത് സാരിക്കട നടത്തുന്ന വിശാൽ ശാസ്ത്രിയാണ് പൊലീസിൽ പരാതി നൽകിയത്. കടയിലെത്തി രോഹിത്ത് എന്നയാളും സുഹൃത്തുക്കളും മർദിച്ചെന്നാണ് വിശാലിന്റെ പരാതി.
ശനിയാഴ്ച സാരിയെടുക്കാനായി രോഹിത്തും ഭാര്യയും വിശാലിന്റെ കടയിലെത്തിയിരുന്നു. ഒരുപാട് സമയം ഇരുവരും ഇവിടെ ചെലവഴിച്ചു. നിരവധി സാരികൾ നോക്കിയെങ്കിലും ഒരെണ്ണം പോലും എടുത്തില്ല. ഒടുവിൽ എത്ര വിലയുള്ള സാരിയാണ് വേണ്ടതെന്ന് വിശാൽ ചോദിച്ചു. ആയിരം രൂപയുടെ സാരിയാണ് നോക്കുന്നതെന്നും അതിലും വില കൂടിയതും തനിക്ക് വാങ്ങാൻ കഴിയുമെന്നും രോഹിത്ത് മറുപടി നൽകി.
ഇതുകേട്ടതും ‘അങ്കിൾ ഞാൻ മറ്റ് റേഞ്ചിലും സാരികളും കാണിച്ചുതരാം’ എന്ന് വിശാൽ മറുപടി നൽകി. ഇതുകേട്ടതും തന്നെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞുകൊണ്ട് ദേഷ്യപ്പെട്ടു. തുടർന്ന് ഭാര്യയേയും കൂട്ടി കടയിൽ നിന്നിറങ്ങി. കുറച്ചുസമയത്തിന് ശേഷം രോഹിത്ത് ചില സുഹൃത്തുക്കളെയും കൂട്ടി കടയിലെത്തി. വിശാലിനെ റോഡിലേക്ക് വലിച്ചിറക്കി വടിയും ബെൽറ്റും ഉപയോഗിച്ച് മർദിക്കുകയും പലതവണ ചവിട്ടുകയും ചെയ്തു. തുടർന്ന് പ്രതികൾ സ്ഥലം വിട്ടു.
പരിക്കേറ്റ വിശാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി രോഹിത്തിനും കൂട്ടുകാർക്കുമെതിരെ പരാതി നൽകി. അതിനുശേഷം ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Source link