പുരോഗമന ആശയങ്ങൾ നടപ്പിലാക്കുന്നതിൽ കേരളകൗമുദി എന്നും മുന്നിൽ: മന്ത്രി അനിൽ

ആറ്റിങ്ങലിൽ കേരള കൗമുദി സംഘടിപ്പിച്ച വിവിധ വിഷയങ്ങളുടെ ക്യാമ്പയിൻ മന്ത്രി ജി.ആർ.അനിൽ ക്യാമ്പയിന്റെ ബ്രോഷർ കേരള കൗമുദി ലേഖകർക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു. കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ, ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്, ലേഖകരായ ബൈജു മോഹൻ, സുനിൽ കല്ലമ്പലം, ജിജു പെരുങ്ങുഴി,​ സജിതൻ മുടപുരം, കെ.ആർ.അനിൽ ദത്ത് തുടങ്ങിയവർ സമീപം

ആറ്റിങ്ങൽ: സംസ്ഥാനത്ത് പുരോഗമന ആശയങ്ങൾ നടപ്പിലാക്കുന്നതിൽ കേരള കൗമുദി എന്നും മുന്നിലാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ആറ്റിങ്ങലിൽ കേരളകൗമുദി നടപ്പിലാക്കുന്ന ജനകീയ വിഷയങ്ങളിൽ ഊന്നി പ്രാദേശിക തലങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനുകളുടെ യൂണിറ്റ് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരള കൗമുദിയുടെ സന്ദേശങ്ങൾ എന്നും വസ്തുതാപരമാണ്. അതുകൊണ്ടാണ് കേരള കൗമുദിയെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി അറിയപ്പെടുന്നത്. പുരോഗമന ചിന്തകളുടെ മുഖമുദ്ര‌യാണ് കേരള കൗമുദിയുടെ എഡിറ്റോറിയലുകൾ. അടുത്തിടെ മലപ്പുറത്ത് കേരള കൗമുദി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിൽ താൻ പങ്കെടുത്തിരുന്നു. ഏറെ ശ്രദ്ധേയവും ജനകീയവുമായ സെമിനാറായിരുന്നു അതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി,​ കേരള കൗമുദി ജനറൽ മാനേജർ (ഡെബ്റ്റേഴ്സ്)​ അയ്യപ്പദാസ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് മന്ത്രി മെമെന്റോ നൽകി. കേരള കൗമുദി ലേഖകരായ ബൈജു മോഹൻ, സുനിൽ കല്ലമ്പലം, ജിജു പെരുങ്ങുഴി, സജിതൻ മുടപുരം, കെ.ആർ.അനിൽ ദത്ത് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ കലോത്സവ പ്രതിഭ സിദ്ധിക ഫ്യൂഷൻ അവതരിപ്പിച്ചു. ജനറൽ മാനേജർ (മാർക്കറ്റിംഗ്) ഷിറാസ് ജലാൽ​ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ സുധി കുമാർ നന്ദിയും പറഞ്ഞു.


Source link
Exit mobile version