തിരുവനന്തപുരം : ഈ വർഷത്തെ ബി.എസ്.സി നഴ്സിംഗ് ക്ലാസുകൾ ഇന്ന് ആരംഭിക്കും. എന്നാൽ, സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ സർക്കാർ സീറ്റുകൾ നികത്താത്തത് മാനേജ്മെന്റുകളെ ആശങ്കയിലാക്കി. മുൻകാലങ്ങളിൽ സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടില്ല. സർക്കാർ അലോട്ട്മെന്റിലൂടെ നികത്താൻ കഴിയാതെവന്നാൽ മാനേജ്മെന്റുകൾ നികത്തും.
സർക്കാർ സീറ്റുകളിലേക്ക് എൽ.ബി.എസാണ് അലോട്ട്മെന്റ് നടത്തുന്നത്. അവർ അഞ്ച് അലോട്ട്മെന്റുകൾ നടത്തും. ശേഷിക്കുന്ന സർക്കാർ സീറ്റുകൾ നികത്താൻ മാനേജ്മെന്റുകൾക്ക് അനുമതി നൽകും. ഇത്തവണ അഞ്ച് അലോട്ട്മെന്റിന് ശേഷവും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ നികത്താൻ മാനേജ്മെന്റ് അസോസിയേഷൻ കത്ത് നൽകിയെങ്കിലും ആരോഗ്യവകുപ്പ് നിരസിച്ചു. സീറ്റുകൾ ഒഴിഞ്ഞു കിടന്നാൽ വലിയ സാമ്പത്തിക നഷ്ടമാണെന്ന് പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് സജിയും സെക്രട്ടറി അയിര ശശിയും പറഞ്ഞു. ക്ലാസുകൾ ആരംഭിച്ച ശേഷം പ്രവേശനം നേടാൻ വിദ്യാർത്ഥികൾ മടിക്കും. സീറ്റുകൾക്ക് അനുസരിച്ച് അഞ്ച് അലോട്ട്മെന്റുകൾ എൽ.ബി.എസ് നടത്തിയിരുന്നെങ്കിൽ ഒഴിഞ്ഞുകിടക്കില്ലായിരുന്നു. അസോസിയേഷന് കീഴിലുള്ള 50 കോളേജുകളും അലോട്ട്മെന്റിലൂടെയാണ് പ്രവേശനം നടത്തുന്നത്. മാർക്ക് അടിസ്ഥാനത്തിൽ സുതാര്യമായി പ്രവേശനം നൽകുന്നതിനാൽ തലവരി ഉൾപ്പെടെ വാങ്ങില്ല. അതിനാൽ ഒരു സീറ്റ് ഒഴിഞ്ഞുകിടന്നാലും വലിയ സാമ്പത്തിക ബാദ്ധ്യതയാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
Source link