തിരുവനന്തപുരം: ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡു സർക്കാർ നൽകിയതോടെ പെറ്റിയടി കൂടി. നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീട്ടിലെത്തുന്നുണ്ട്. പലരും നോട്ടീസ് കൈപ്പറ്റി പിഴയുമടച്ചു.
നേരത്തെ കെൽട്രോണിന് തുക ലഭിക്കാത്തതിനെ തുടർന്ന് പിഴ ചുമത്തൽ നാലിലൊന്നായി കുറഞ്ഞിരുന്നു. 100 നിയമ ലംഘനം കണ്ടെത്തുമ്പോൾ 10-25 വരെ എണ്ണത്തിനേ പിഴ ചുമത്തിയിരുന്നുള്ളൂ. പിഴ രേഖപ്പെടുത്തി ആർ.സി ഉടമയ്ക്ക് നോട്ടീസയയ്ക്കുന്നത് കെൽട്രോൺ ജീവനക്കാരാണ്. സർക്കാരിൽ നിന്ന് പണം കിട്ടാത്തതിനാൽ കെൽട്രോൺ നിയമിച്ച കരാർ ജീവനക്കാരിൽ ഭൂരിഭാഗത്തെയും പിൻവലിച്ചിരുന്നു.
സെപ്തംബറോടെയാണ് സർക്കാർ കുടിശ്ശിക നൽകിത്തുടങ്ങയത്. ഇതോടെ കൺട്രോൾ റൂമുകൾ സജീവമായി. ക്യാമകൾ 24 മണിക്കൂറും മിഴി തുറന്ന് നിയമം ലംഘിക്കുന്നവരുടെ ചിത്രമുൾപ്പെടെ കൺട്രോൾ റൂമുകളിലെത്തിച്ചു. അഴിമതി ആരോപണത്തിനിടയാക്കിയ എ.ഐ പദ്ധതി കഴിഞ്ഞ ജൂൺ അഞ്ചിനാണ് നടപ്പിലാക്കിയത്. മുഖ്യമന്ത്രിയുടെ ബന്ധുവിലേക്കും നീണ്ട അഴിമതി കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പരാതി ആർ.ടി ഓഫീസിൽ പറയാം
സ്‌കൂട്ടർ യാത്രക്കാരന് സീറ്റ് ബെൽറ്റിടാത്തതിന് പിഴയിട്ടതു പോലുള്ള അബദ്ധങ്ങൾ ഉണ്ടാകുന്നുണ്ട്. പരാതിയുണ്ടെങ്കിൽ എൻഫോഴ്മെന്റ് ആർ.ടി ഓഫീസിൽ പരാതി നൽകിയാൽ പിഴ പിൻവലിക്കും.
ചെലവ് 232 കോടി
പദ്ധതിക്ക് സർക്കാർ പ്രഖ്യാപിച്ച ചെലവ്-232 കോടി രൂപ
മൂന്നു മാസത്തിലൊരിക്കൽ കെൽട്രോണിന് നൽകേണ്ടത്- 11.79 കോടി
പണം നൽകേണ്ടത് പിഴത്തുകയിൽ നിന്ന്
14 കൺട്രോൾ റൂമുകളായി കെൽട്രോൺ ജീവനക്കാർ- 145
ആദ്യമാസങ്ങളിൽ അയച്ച ചെല്ലാൻ-33,000
തുക മുടങ്ങിയപ്പോൾ- 10,000നു താഴെ
ശബരിമല: പതിനെട്ടാംപടിയിൽ
പരിശീലനം ലഭിച്ച പൊലീസുകാർ
ടി.എസ് സനൽകുമാർ
പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടി കയറ്റം സുഗമമാക്കാൻ പരിശീലനം ലഭിച്ച പൊലീസുകാരെ നിയോഗിക്കും. ഒരു മിനിറ്റിൽ 80-85വരെ തീർത്ഥാടകരെ പടികയറ്റിവിടാൻ കഴിഞ്ഞാൽ തിരക്ക് നിയന്ത്രിക്കാം. ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോൾ ക്യാമ്പിൽ നിന്ന് പൊലീസുകാരെ എത്തിച്ച് പരീക്ഷണാടിസ്ഥാനത്തിൽ തീർത്ഥാടകരെ പടി കടത്തിവിട്ടിരുന്നു. കുത്തനെയുള്ള പതിനെട്ടാംപടിയിൽ ചുമലിലും അരക്കെട്ടിലും പിടിച്ച് പൊക്കികയറ്റുകയാണ് ചെയ്യുന്നത്. ഇത് ആയാസകരമായതിനാൽ 20 പേരടങ്ങുന്ന അഞ്ച് സംഘങ്ങളെ ഒരോഘട്ടത്തിലും ഡ്യൂട്ടിക്ക് നിയോഗിക്കും. 15 മിനിറ്റാണ് ഡ്യൂട്ടി സമയം. അതിനാൽ പൊലിസുകാർക്ക് വിശ്രമിക്കാനും കഴിയും. കഴിഞ്ഞ മാസപൂജാവേളയിൽ രണ്ടുദിവസം തിരക്ക് നിയന്ത്രണം പാളിയിരുന്നു. സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഇടപെട്ട് കൂടുതൽ പൊലീസിനെ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്.
തൂണുകൾ പൊളിക്കില്ല
പതിനെട്ടാം പടിയിലെ മേൽക്കൂര സ്ഥാപിച്ചിരിക്കുന്ന കരിങ്കൽ തൂണുകൾ തീർത്ഥാടകരെ പടികയറ്റി വിടുന്നതിന് തടസ്സമാണെന്ന് കണ്ടെത്തിയിരുന്നു. ഇവയിൽ രണ്ട് തൂണുകൾ പൊളിച്ചു മാറ്റാൻ തീരുമാനിച്ചെങ്കിലും മണ്ഡലകാലത്തിന് മുമ്പ് ഇതിന് കഴിയില്ലെന്ന് ശില്പി അറിയിച്ചു. അതിനാലാണ് പൊലീസിന്റെ സേവനം കൂടുതൽ കാര്യക്ഷമമാക്കിയത്.
Source link