ബങ്കളം ശ്രീനാരായണ ഗുരുമഠം ആശ്രമമന്ദിരം നാടിന് സമർപ്പിച്ചു 

ബങ്കളം (കാസർകോട്): ജാതിക്കും മതത്തിനും അതീതമായി സമൂഹത്തെ ചിന്തിപ്പിച്ച് ശുദ്ധ മനുഷ്യത്വത്തെ വീണ്ടെടുത്തത് ശ്രീനാരായണ ഗുരുദേവനാണെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠത്തിന്റെ കാസർകോട് ബ്രാഞ്ചായ ബങ്കളം കൂട്ടപ്പുന്നയിലെ ശ്രീനാരായണ ഗുരുമഠം ആശ്രമ മന്ദിരം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവിനെ സാമൂഹ്യ പരിഷ്കർത്താവായും വിപ്ലവകാരിയായും സ്വതന്ത്ര ചിന്തകനായും യുക്തി ചിന്തകനായും കരുതുന്നവരുണ്ട്. ആദ്യമൊക്കെ അമ്പലങ്ങളുണ്ടാക്കി, ഇനി പള്ളിക്കൂടങ്ങൾ മതിയെന്ന് പറഞ്ഞ സാമൂഹിക പ്രവർത്തകനായും സമുദായ ആചാര്യനായും ഗുരുവിനെ വിലയിരുത്തുന്നുണ്ട്. ഒരിക്കൽ ശിവഗിരിയിൽ വിശ്രമിക്കുമ്പോൾ ഗുരുഭക്തനായ സി.വി കുഞ്ഞുരാമനോട് ഗുരു ചോദിച്ചു. ബുദ്ധൻ അഹിംസയെയും ക്രിസ്തു സ്നേഹത്തെയും നബി സഹോദര്യത്തെയും പ്രതിനിധാനം ചെയ്യുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യം എന്താണ്. ‘ജാതി മത ഭേദചിന്തയിൽ നിന്നുള്ള മോചനം’ ഗുരുതന്നെ ഉത്തരവും പറഞ്ഞു. 73 വർഷത്തെ ഗുരുവിന്റെ ജീവിതം സമൂഹത്തെ ജാതിമതാതി ഭേദചിന്തകളിൽ നിന്ന് മോചിപ്പിച്ച് ശുദ്ധ മനുഷ്യത്വത്തെ വീണ്ടെടുത്തു. യേശുക്രിസ്തുവിന്റെയും മുഹമ്മദ് നബിയുടെയും ശ്രീബുദ്ധന്റെയും ശങ്കരാചാര്യരുടെയും പരമ്പരയിൽ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വ മഹാഗുരുവാണ് ഗുരുദേവനെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്രാർത്ഥനാ മന്ദിരവും ട്രഷറർ സ്വാമി ശാരദാനന്ദ ഓഫീസും തുടർന്ന് ചേർന്ന മഹാസമ്മേളനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീതയും ഉദ്‌ഘാടനം ചെയ്തു. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, കാലിച്ചാനടുക്കം സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. സുനീഷ് പുതുകുളങ്ങര എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി പ്രേമാനന്ദ എന്നിവരും പ്രസംഗിച്ചു. ഉച്ചക്ക് ശേഷം സർവ്വമത സമ്മേളനവും നടന്നു.


Source link
Exit mobile version