INDIA

ആയുഷ്മാൻ ഭാരത് പദ്ധതി; 70 കഴിഞ്ഞവർ വീണ്ടും റജിസ്റ്റർ ചെയ്യണം


ന്യൂഡൽഹി ∙ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ (പിഎം–ജെഎവൈ) നേരത്തേ തന്നെ അംഗങ്ങളായ 70 കഴിഞ്ഞവർ, പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പരിരക്ഷയ്ക്കായി സീനിയർ സിറ്റിസൻ വിഭാഗത്തിൽ വീണ്ടും റജിസ്ട്രേഷൻ നടത്തണം. പദ്ധതി നടത്തിപ്പിനുള്ള ചെലവു പങ്കിടുന്ന കാര്യത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ അവ്യക്തത നിലനിൽക്കുകയാണെങ്കിലും കേരളത്തിലുള്ളവർക്കു പദ്ധതിയിൽ റജിസ്റ്റർ ചെയ്യുന്നതിനും ഗുണഭോക്താക്കളാകുന്നതിനും തടസ്സമില്ല.

പദ്ധതിയിൽ  ചേർന്നശേഷം

ചികിത്സാ ആവശ്യത്തിന് എംപാനൽ ചെയ്ത ആശുപത്രിയിലെത്തുന്നവർ ആയുഷ്മാൻ വയ വന്ദന കാർഡ് ഹാജരാക്കണം. ഏതു ചികിത്സയാണോ വേണ്ടത് അതിന് അനുയോജ്യമായ ആശുപത്രി തന്നെയാണോയെന്നു പരിശോധിച്ച് ഉറപ്പാക്കണം. ഏതൊക്കെ ആശുപത്രികളാണ് പദ്ധതിയിലുള്ളതെന്ന വിവരമറിയാൻ വെബ്സൈറ്റ്: www.dashboard.pmjay.gov.in. രാജ്യത്താകെ മുപ്പതിനായിരത്തിലേറെ ആശുപത്രികൾ പദ്ധതിക്കു കീഴിലുണ്ട്. കേരളത്തിൽ 588 ആശുപത്രികൾ.
ചികിത്സാനിഷേധം: 6 മണിക്കൂറിനകംപരിഹാരം
പൂർണമായും കാഷ്‌ലെസാണ് ആയുഷ്മാൻ ഭാരത് പദ്ധതി. ഗുണഭോക്താക്കളുടെ ചികിത്സയ്ക്കുള്ള ഫീസ് ആശുപത്രിയിലേക്കു സർക്കാർ നൽകുകയാണു ചെയ്യുന്നത്.    പദ്ധതിയിലേക്ക് എംപാനൽ ചെയ്ത ആശുപത്രിയെക്കറിച്ചുള്ള പരാതിൾക്കും സംശയങ്ങൾക്കും 14555 എന്ന നമ്പറിൽ ബന്ധപ്പെടാം. വെബ്സൈറ്റ് വഴിയും പരാതി നൽകാം. ഗുണഭോക്താക്കൾക്ക് എംപാനൽഡ് ആശുപത്രി ചികിത്സ നിഷേധിക്കുന്നതായി പരാതി ലഭിച്ചാൽ 6 മണിക്കൂറിനുള്ളിൽ പരിഹാരം കാണും. 
റജിസ്ട്രേഷനുള്ള നടപടിക്രമം

∙ദേശീയ ആരോഗ്യ അതോറിറ്റിയുടെ വെബ്സൈറ്റിലോ (www.beneficiary.nha.gov.in) ആയുഷ്മാൻ മൊബൈൽ ആപ്പിലോ റജിസ്റ്റർ ചെയ്ത് പദ്ധതിയുടെ ഭാഗമാകാം. 
∙ വെബ്സൈറ്റോ മറ്റോ ഉപയോഗിക്കാൻ കഴിയാത്തവരുടെ റജിസ്ട്രേഷനു വീട്ടുകാർക്കോ പരിചയക്കാർക്കോ സഹായിക്കാം. 
 ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്കു ലഭിക്കുന്ന ഒടിപിയാണ് ഇതിനു വേണ്ടത്.
∙ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ എംപാനൽഡ് ആശുപത്രി അടുത്തുണ്ടെങ്കിൽ അവരുടെ സഹായവും റജിസ്ട്രേഷനായി തേടാം.

∙ ആധാർ മാത്രമാണ് പദ്ധതി റജിസ്ട്രേഷന് ആവശ്യമായ അടിസ്ഥാനരേഖ.
∙ ഗുണഭോക്താക്കൾക്ക് അവരുടെ ഐഡന്റിറ്റിയും യോഗ്യതയും ആധാർ ഇ–കെവൈസിയിലൂടെ പരിശോധിക്കാം.
  വയസ്സ്, താമസിക്കുന്ന സംസ്ഥാനം എന്നിവ തെളിയിക്കാനുള്ള രേഖയായി ആധാർ ഉപയോഗിക്കാം. ആയുഷ്മാൻ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളോ സംശയങ്ങളോ ഉണ്ടെങ്കിൽ 14555 എന്ന നമ്പറിൽ ബന്ധപ്പെടാം.


Source link

Related Articles

Back to top button