ജലനിരപ്പ് നോക്കിനിൽക്കെ ഉയർന്നു, മണിയാർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും കവിഞ്ഞ് വെളളമൊഴുകി

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പ ജലസേചന പദ്ധതിയുടെ മണിയാർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകൾക്കും മുകളിലൂടെ വെളളമൊഴുകി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം മലയോര മേഖലയിലുണ്ടായ മഴയെ തുടർന്ന് സംഭരണിയിലെ ജലനിരപ്പ് ഉയർന്നതാണ് പ്രശ്നം. അണക്കെട്ടിലെ വൈദ്യുതി ബന്ധം തകരാറിലായതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്താൻ മണിക്കൂറുകൾ വൈകി. ഇതോടെ പ്രദേശത്തുളള ജനങ്ങൾ പരിഭ്രാന്തരാകുകയായിരുന്നു. ഷട്ടറുകൾക്ക് മുകളിലൂടെ വെള്ളമൊഴുകിയത് വൻ സുരക്ഷാവീഴ്ചയാണ്.

പദ്ധതിയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ ഷട്ടറുകളുടെയും മുകളിലൂടെ വെള്ളം ഒഴുകുന്നതെന്ന സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മണിയാർ ഡാമിന്റെ ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു. തകരാറിലായ ഷട്ടറുകളുടെ അറ്റകുറ്റപ്പണി നീണ്ടുപോകുന്നതാണ് പ്രശ്‌നം. ഷട്ടറുകൾക്ക് മുകളിലൂടെ വെള്ളം ഒഴുകിയതോടെ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനുള്ള മുഴുവൻ സംവിധാനവും തകരാറിലായെന്നാണ് വിവരം.

ഇതിനിടെ അണക്കെട്ടിൽ ഉണ്ടായിരുന്ന ജീവനക്കാർ ഏറെ പണിപ്പെട്ട് നാലാം നമ്പർ ഷട്ടർ സന്ധ്യയോടെ ഉയർത്തിയിരുന്നു. രാത്രി വൈകി വൈദ്യുതി പുനഃസ്ഥാപിച്ച ശേഷമാണ് ഒന്ന്, രണ്ട്, നാല് ഷട്ടറുകൾ യഥാക്രമം 100,250, 150 സെന്റീമീറ്റർ വീതം ഉയർത്താൻ കഴിഞ്ഞത്. സംഭരണിയിലെ ജലനിരപ്പ് താഴ്ന്ന ശേഷമാണ് മറ്റുള്ള ഷട്ടറുകൾക്ക് മുകളിലൂടെ വെള്ളം പുറത്തേക്കൊഴുകുന്നത് നിലച്ചത്.

അതേസമയം, ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചിറ്റാറിലെ തോടുകൾ കര കവിഞ്ഞൊഴുകി. ചിറ്റാർ കാരികയും റോഡിൽ തേക്ക് വീണ് ഗതാഗതം നിലച്ചു. അഗ്നി രക്ഷാസേനയെത്തി മരം മുറിച്ചു മാറ്റിയതോടെയാണ് ഗതാഗതം പുനരാരംഭി​ച്ചത്.


Source link
Exit mobile version