മുഖം സ്കാൻ ചെയ്ത് റേഷൻ മസ്റ്ററിംഗ് 11 മുതൽ #ഫേസ്ആപ്പ് ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനം # മസ്റ്ററിംഗ് 30 വരെ നീട്ടി
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകളായ മഞ്ഞ, പിങ്ക് എന്നിവയിലെ അംഗങ്ങൾക്ക് മുഖം സ്വയം സ്‌കാൻ ചെയ്ത് മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്താം. നിലവിൽ റേഷൻ കടകളിലെ ഇ പോസ് യന്ത്രത്തിൽ വിരൽ അമർത്തിയും കൃഷ്ണമണി സ്‌കാൻ ചെയ്യുന്ന ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുമാണു മസ്റ്ററിംഗ്.
പുതിയ സംവിധാനത്തിൽ ഇതിനായി റേഷൻ കടയിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ പോകേണ്ടതില്ല.
മൊബൈൽ ഫോണിലൂടെ വീട്ടിൽ ചെയ്യാം.
വിരലടയാളം പതിയാത്തവർ, ബയോ മെട്രിക് വിവരങ്ങൾ ശേഖരിക്കാൻ പ്രയാസമുള്ള കിടപ്പുരോഗികൾ, 12 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ ഉദ്ദേശിച്ചാണ് mera ekyc (മേരാ ഇകെവൈസി) എന്ന പേരിലുള്ള ഫേസ് ആപ്പ്.
റേഷൻ മസ്റ്ററിംഗിന് ഫേസ് ആപ്പ് ഉപയോഗിക്കുമെന്ന് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യമായാണ് ഒരു സംസ്ഥാനം ഫേസ് ആപ്പിലൂടെ മസ്റ്ററിംഗ് സൗകര്യം ഒരുക്കുന്നത്.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ ഹൈദരാബാദ് യൂണിറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ആപ്പിന്റെ സാങ്കേതിക പരിശോധന നടത്തിവരികയാണെന്നും 11 മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി ജി.ആർ.അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മസ്റ്ററിംഗിനുള്ള സമയപരിധി 30 വരെ നീട്ടിയിട്ടുണ്ട്. ഇ പോസ് യന്ത്രങ്ങൾക്കു പുറമേ 242 ഐറിസ് സ്‌കാനറുകളുടെ സഹായത്തോടെ താലൂക്കുകളിലും മറ്റും ക്യാമ്പുകൾ സംഘടിപ്പിച്ച് ഇകെവൈസി അപ്‌ഡേഷൻ നടത്തി വരികയാണ്. മഞ്ഞ, പിങ്ക് കാർഡുകളിലായുള്ള 1.54 കോടി ഗുണഭോക്താക്കളിൽ 1.29 കോടി പേർ (84.18%) മസ്റ്ററിംഗ് പൂർത്തീകരിച്ചതായി മന്ത്രി അറിയിച്ചു.
ആൻഡ്രോയിഡ് ഫോൺ മതി
1.വിരലടയാളത്തിന്റെ ഐക്കണോടു കൂടിയ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിക്കാം. ഇതൊടൊപ്പം aadhar face rd എന്ന ആപ്പ് കൂടി ഡൗൺലോഡ് ചെയ്യണം. ഇതു ബാക്ക് എൻഡിൽ പ്രവർത്തിക്കുമ്പോൾ മേരാ ഇകെവൈസി ആപ്പിലേക്ക് ആധാർ നമ്പർ നൽകണം.
2.ആധാറുമായി ബന്ധിപ്പിച്ച ഫോണിലേക്ക് വരുന്ന ഒ.ടി.പിയും ആപ്പിൽ കാണിക്കുന്ന ക്യാപ്ച്ചാ കോഡും എന്റർ ചെയ്താൽ വിഡിയോയ്ക്കു സജ്ജമാകും. സ്വന്തം മുഖം വീഡിയോയിൽ പതിഞ്ഞ് ആധാറിലെ ഫോട്ടോയുമായി ഒത്തുനോക്കി അംഗീകരിക്കുന്നതോടെ മസ്റ്ററിംഗ് പൂർത്തിയാകും.
Source link