ഡോ.പല്പു സമൂഹത്തിന്റെ രോഗം ഭേദമാക്കി : സ്വാമി സൂക്ഷ്മാനന്ദ
സ്വാമി ഋതംഭരാനന്ദ ഡോ.പി.പല്പു സ്മാരക അവാർഡ് ഡോ.ഷാജി പ്രഭാകരന് സമ്മാനിച്ചു.
തിരുവനന്തപുരം : സമൂഹത്തിന്റെ രോഗം ചികിത്സിച്ച് ഭേദമാക്കിയ വ്യക്തിയായിരുന്നു ഡോ.പി.പല്പുവെന്ന് സ്വാമി സൂക്ഷ്മാനന്ദ പറഞ്ഞു. പേട്ട എസ്.എൻ.ഡി.പി ഹാളിൽ ഡോ.പി.പല്പു ഫൗണ്ടേഷൻ സംഘടിപ്പിച്ച പി.പല്പുവിന്റെ 161-ാം ജന്മവാർഷികവും അവാർഡ് സമർപ്പണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.പല്പു ചെയ്ത കാര്യങ്ങൾ ഇന്നത്തെ സമൂഹത്തിന് ഗുണകരമായി. മഹാന്മാർ അവരുടെ ഭൗതിക സാഹചര്യങ്ങളിൽ സംതൃപ്തരാകാതെ സമൂഹത്തിന് വേണ്ടി ഇടപെടും. മറ്റുള്ളവർ അതിന്റെ ഗുണഭോക്താക്കളാകും. അത്തരത്തിലുള്ള ജീവിതമായിരുന്നു പല്പുവിന്റേതും.തനിക്കുള്ള സൗകര്യങ്ങളിൽ തൃപ്തനായി ജീവിക്കാതെ അത് മറ്റുള്ളവർക്കും വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഡോ.പല്പുവിന്റെ ജീവിതം പൊതുപ്രവർത്തകർക്ക് പാഠപുസ്തകമാണ്. പ്രവർത്തകർ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും സ്വാമി സൂക്ഷ്മാനന്ദ കൂട്ടിച്ചേർത്തു. അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഈ വർഷത്തെ ഡോ.പല്പു സ്മാരക അവാർഡ് പ്രൊഫ. ഡോ.ഷാജിപ്രഭാകരന് സമ്മാനിച്ചു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ അർത്ഥപൂർണമാക്കിയ ജീവിതം നയിച്ച ത്യാഗിയായിരുന്നു ഡോ.പല്പുവെന്ന് സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
ഭാഷാഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ, എൻസൈക്ലോപീഡിയ മുൻ അസിസ്റ്റന്റ് എഡിറ്റർ നെടുംകുന്നം ഗോപാലകൃഷ്ണൻ, എസ്.എൻ.കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.സഹൃദയൻ തമ്പി, ഡോ.പി.പല്പു ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.കെ.സാംബശിവൻ, പേട്ട വാർഡ് മുൻ കൗൺസിലർ ഡി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കരിക്കകം സുരേന്ദ്രൻ സ്വാഗതവും ട്രഷറർ കരിക്കകം വി.ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. തിരുവനന്തപുരം താളം പേട്ട യൂണിറ്റ് അവതരിപ്പിച്ച തിരുവാതിരയും അരങ്ങേറി.
Source link