ചെന്നൈ: നടൻ വിജയ് രൂപീകരിച്ച പാർട്ടിയായ തമിഴക വെട്രി കഴകവുമായി (ടി വി കെ) സഖ്യ സാദ്ധ്യത തള്ളിക്കളയാതെ അണ്ണാ ഡി എം കെ. ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായി വിജയ്‌യെ വിമർശിക്കരുതെന്ന കർശന നിർദ്ദേശം അണ്ണാ ഡി എം കെ നേതാക്കൾക്ക് ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി നിർദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ സഖ്യം സാദ്ധ്യമായില്ലെങ്കിലും ഭാവിയിൽ അതിനുള്ള സാദ്ധ്യത തള്ളാതിരിക്കാനാണിത്.
ടി വി കെയുടെ ആദ്യ സംസ്ഥാനസമ്മേളനത്തിൽ ഡി എം കെ യെ രൂക്ഷമായി വിമർശിച്ച വിജയ് തങ്ങളുടെ പാർട്ടിക്കെതിരെ ഒരു പരാമർശവും നടത്തിയില്ല എന്നതും എം ജി ആറിനെ പുകഴ്ത്തുകയായിരുന്നു എന്നതുമാണ് അണ്ണാ ഡി എം കെയ്ക്ക് പ്രതീക്ഷ നൽകുന്നത്. വിജയ് വിമർശിക്കാത്തതിന് കാരണം തങ്ങളുടെ പാർട്ടിയുടെ പ്രവർത്തനമികവാണെന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.തമിഴ്നാട്ടിൽ അണ്ണാ ഡി എം കെയും വിജയ്‌യുടെ പാർട്ടിയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിന് സമയമായിട്ടില്ലെന്നായിരുന്നു പളനിസ്വാമിയുടെ മറുപടി.
എന്നാൽ ഇത്തരത്തിലൊരു സഖ്യ സാദ്ധ്യത അടുത്തകാലത്തെങ്ങും പ്രായോഗികമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. പാർട്ടി രൂപീകരിച്ചപ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ് ഉയർത്തിക്കാട്ടിയത് തന്നെത്തന്നെയായിരുന്നു.മുഖ്യമന്ത്രിയിൽ കുറഞ്ഞത് ഒന്നുകൊണ്ടും എടപ്പാടി പളനിസ്വാമിയും തൃപ്തിപ്പെടില്ല. അതിനാലാണ് ഇരുപാർട്ടികളും ഉടൻ സഖ്യമുണ്ടാക്കാനുള്ള സാദ്ധ്യത തള്ളിക്കളയുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കും ഇതെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ഡിഎംകെ അധികാരത്തിൽ തുടരുകയും ടിവികെ 10 ശതമാനത്തോളം വോട്ടു നേടുകയും ചെയ്താൽ അണ്ണാ ഡിഎംകെയുമായി വിജയ് അടുക്കാനുളള സാദ്ധ്യത ഏറെയാണ്. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ ടി വി കെ കാര്യമായ മുന്നേറ്റം നടത്തിയാൽ ഈ സാദ്ധ്യത പൂർണമായും അടയും.
അതിനിടെ, വിജയ് സംസ്ഥാന പര്യടനത്തിലൂടെ പാർട്ടി പ്രവർത്തനം തമിഴ്നാട്ടിൽ വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഡിസംബർ രണ്ടിന് കോയമ്പത്തൂരിൽ നിന്ന് ആരംഭിക്കുന്ന പര്യടനം 27ന് തിരുനെൽവേലിയിൽ മെഗാറാലിയോടെ സമാപിക്കും. പാർട്ടിയുടെ പ്രത്യയശാസ്ത്രം ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. മറ്റ് പാർട്ടികളിലെ നേതാക്കളെ ടി വി കെയിൽ എത്തിക്കാൻ സാധിക്കുമെന്നും കണക്കാക്കുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ടി വി കെ സ്ഥാനാർത്ഥികളുണ്ടാകുമെന്നാണ് സമ്മേളനത്തിൽ വിജയ് പ്രഖ്യാപിച്ചത്.
നവംബർ 1ന് തമിഴ്നാട് ദിനമായി ആചരിക്കണമെന്ന് വിജയ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടു. സമ്മേളനത്തിനുശേഷം ആദ്യമായാണ് ഒരു പൊതുആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ തമിഴ്നാട് രൂപീകരിച്ചത് 1956 നവംബർ ഒന്നിനാണ്. നവംബർ ഒന്ന് തമിഴ്നാട് ദിനം ആയാൽ, തമിഴ് സംസാരിക്കുന്നവരെ ഒന്നിപ്പിക്കാനായി ജീവത്യാഗം ചെയ്തവർക്കുള്ള ആദരം ആകുമെന്നും വിജയ് പറഞ്ഞു. ജൂലായ് 18 തമിഴ്നാട് ദിനം ആയി ആചരിക്കുമെന്ന് കഴിഞ്ഞ വർഷം സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കണമെന്ന പ്രമേയം അണ്ണാദുരൈ 1967ജൂലായ് 18നാണ് അവതരിപ്പിച്ചത്. അതുകൊണ്ടാണ് സ്റ്റാലിൻ സർക്കാർ ജൂലായ് 18 തമിഴ്നാട് ദിനമായി തെരഞ്ഞെടുത്തത്. ആ തീരുമാനം മാറ്റണമെന്നാണ് വിജയ്‌യുടെ നിർദ്ദേശം.
Source link