നീലേശ്വരം വെടിക്കെട്ട് അപകടം; പൊള്ളലേറ്റ ഒരാൾകൂടി മരിച്ചു, ഇതോടെ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട ചടങ്ങിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രതീഷിന് 60 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട്ടെ ഓട്ടോഡ്രൈവർ കിണാവൂർ റോഡിലെ സി.സന്ദീപ് (38) ആണ് നേരത്തെ മരണപ്പെട്ടത്. അപകടത്തിൽ സന്ദീപിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഇന്നാണ് സംസ്‌കാരച്ചടങ്ങ്. സി.കുഞ്ഞിരാമന്റെയും ചെറുവത്തൂർ കാരിയിലെ എം.കെ.സാവിത്രിയുടെയും മകനാണ്. ഭാര്യ: പി.വിജില (പള്ളിപ്പാറ). മക്കൾ: സാൻവിയ (9- ചിന്മയ സ്‌കൂൾ), ഇവാനിയ (4-അംഗനവാടി കിനാനൂർ). സഹോദരങ്ങൾ: സവിത, സജേഷ് (ദുബായ്).

ഒക്ടോബർ 28ന് രാത്രി 11.45 മണിയോടെ ഉത്സവവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിനിടെ പടക്കങ്ങൾ സൂക്ഷിച്ച ഷെഡിലേക്ക് തീപ്പൊരി പതിച്ചുണ്ടായ പൊട്ടിത്തെറിയിൽ 154 പേർക്ക് പരിക്കേറ്റിരുന്നു. വിവിധ ആശുപത്രികളായി 100 ഓളം പേരാണ് ഇപ്പോഴും ചികിത്സയിലാണുള്ളത്. ഇതിൽ കുറച്ചുപേർ പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

സംഭവത്തിൽ ക്ഷേത്രം ഭാരവാഹികൾ ഉൾപ്പെടെ എട്ടുപേർക്കെതിരെ കേസെടുത്ത നീലേശ്വരം പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഹൊസ്ദുർഗ് ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റിലായ പ്രതികൾക്ക് നൽകിയ ജാമ്യം കാസർകോട് ജില്ലാ സെഷൻസ് കോടതി ഇന്നലെ റദ്ദാക്കി. അനുമതിയില്ലാതെ ചട്ടങ്ങൾ മുഴുവൻ ലംഘിച്ചു നടത്തിയ വെടിക്കെട്ട് അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ സെഷൻസ് കോടതി ജഡ്ജി സ്വമേധയാ കേസ്സെടുത്ത ശേഷമാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പ്രതികൾക്ക് കീഴ്‌ക്കോടതി നൽകിയ ജാമ്യം ഇന്നലെ വൈകുന്നേരം റദ്ദാക്കിയത്.

TAGS:
NILESWARAM,
FIREWORK ACCIDENT,
KASARGOD FIRECRACKER ACCIDENT,
DEATH TOLL,
TWO DEATHS


Source link
Exit mobile version