KERALAMLATEST NEWS

പാ​ലത്തി​ൽ ​ശു​ചീ​ക​ര​ണ​ത്തി​നി​ടെ ട്രെ​യി​നി​ടി​ച്ച് ​3 ​പേ​ർ​ക്ക് ​ദാ​രു​ണാ​ന്ത്യം

ഷൊർണൂർ: റെയിൽവേ പാലം ശുചീകരിക്കുന്നതിനിടെ മൂന്ന് കരാർ തൊഴിലാളികൾക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. മറ്റൊരാളെ ഭാരതപ്പുഴയിൽ വീണ് കാണാതായി. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. സേലം സ്വദേശികളായ ലക്ഷ്മൺ, വള്ളി, റാണി എന്നിവരാണ് മരിച്ചത്. ട്രെയിനിടിച്ച് പുഴയിൽ വീണയാളുടെ പേരും ലക്ഷമണൻ എന്നാണ്.

ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന്റെ ഷൊർണൂർ ബി- കാബിന് സമീപം ഇന്നലെ വൈകിട്ട് 3.05നായിരുന്നു ദാരുണ സംഭവം. ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസാണ് ഇടിച്ചത്. ഫയർഫോഴ്സ് ഇന്നലെ വൈകിട്ടുവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇന്ന് രാവിലെ ആറ് മുതൽ സ്‌കൂബ ടീം തെരച്ചിൽ പുനഃരാരംഭിക്കും.

സ്ത്രീകളടക്കം പത്ത് തൊഴിലാളികളാണ് പാലത്തിലുണ്ടായിരുന്നത്. ആറ് പേർ സേഫ്ടി ക്യാബിനിൽ ഓടിക്കയറി രക്ഷപ്പെട്ടു. അപകട സമയത്ത് മഴയും, ഇടിമിന്നലും ഉണ്ടായിരുന്നതിനാൽ ട്രെയിൻ വരുന്നത് ഇവർ അറിയാതെ പോയതാകാമെന്ന് സംശയിക്കുന്നു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനടുത്താണ് തൊഴിലാളികൾ കുടുംബസമേതം താമസിക്കുന്നത്. അടുത്ത കാലത്താണ് സ്‌പാനുകളും, ഗർഡറുകളും, പാളങ്ങളും മാറ്റി പാലം നവീകരിച്ചത്.

മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.

അപകടം നടന്നയുടൻ ഷൊർണൂർ ആർ.പി.എഫ്, റെയിൽവേ പൊലീസ്, ഷൊർണൂർ പൊലീസ്, ഫയർഫോഴ്സ് എന്നിവരെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും ഒപ്പംകൂടി.

 ട്രെയിൻ തൊട്ടു മുന്നിൽ,​ ഒന്നും ചെയ്യാനാവാതെ

വളവു തിരിഞ്ഞ് ട്രെയിൽ അടുത്തെത്തിയപ്പോഴാണ് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. പാലത്തിന്റെ മദ്ധ്യഭാഗത്തുണ്ടായിരുന്ന ആറുപേർ ഓടി കാബിനിൽ കയറി. എന്നാൽ,​ പാലത്തിന്റെ മുൻഭാഗത്ത് ജോലിയിലേർപ്പെട്ടിരുന്നവർക്ക് ഒന്നും ചെയ്യാനായില്ല. വള്ളിയും റാണിയും ട്രെയിനിടിച്ച് പുഴയിൽ വീണു. ഇവരുടെ തല ചിതറിപ്പോയി. ലക്ഷ്മണന്റെ ശരീരം ചിതറി പാളത്തിൽ കിടന്നിരുന്നു. നാലാമൻ പുഴയിൽ മുങ്ങിത്താഴുകയും ചെയ്തു. ഇവർ ശേഖരിച്ച മാലിന്യ ബാഗുകൾ ട്രാക്കിലും സമീപത്തും ചിതറിക്കിടന്നിരുന്നു.

വളവു തിരിഞ്ഞ ഉടനെയാണ് ആളുകളെ കണ്ടത്. പലതവണ ഹോൺ അടിച്ചു. എമർജൻസി ഹോണും മുഴക്കി. പക്ഷേ, അവർ വളരെ അടുത്തായിരുന്നു

– ലോക്കോ പൈലറ്റ്


Source link

Related Articles

Back to top button