പ്രേംനസീറിന്റെ ആദ്യ സിനിമയിലെ നായിക നെയ്യാറ്റിൻകര  കോമളം അന്തരിച്ചു

തിരുവനന്തപുരം: നടൻ പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം (കോമളാ മേനോൻ) അന്തരിച്ചു. 96 വയസായിരുന്നു. അസുഖ ബാധിതയായി പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം ഒക്‌ടോബർ 15നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മലയാള സിനിമയിലെ ആദ്യകാല നായികയാണ് വിടവാങ്ങിയത്. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളത്തിന്റെ സിനിമാപ്രവേശനം. 1955ൽ പുറത്തിറങ്ങിയ ന്യൂസ്‌പേപ്പർ ബോയ് ആണ് ശ്രദ്ധേയചിത്രം. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

പ്രേംനസീറിന്റെ ആദ്യ സിനിമയായ മരുമകളിൽ കോമളം ആയിരുന്നു നായിക. കോമളത്തിന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ അബ്‌‌ദുൾ ഖാദർ എന്നായിരുന്നു നസീറിന്റെ പേര്. പിന്നീട് അദ്ദേഹം പ്രേം നസീറായപ്പോൾ കോമളം സിനിമ പൂർണമായും ഉപേക്ഷിച്ചിരുന്നു.


Source link
Exit mobile version