ശ്രേഷ്ഠ കാതോലിക്കാ ബാവ ഓർമ്മയായി

കൊച്ചി: അര നൂറ്റാണ്ടിലേറെ യാക്കോബായ സുറിയാനി സഭയ്‌ക്ക് അദ്ധ്യാത്മിക, ഭരണ നേതൃത്വം നൽകിയ ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമൻ ഓർമ്മയായി. അദ്ധ്യാത്മിക, സാമൂഹിക, രാഷ്ട്രീയരംഗങ്ങളിലെ ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി പുത്തൻകുരിശിലെ സഭാ ആസ്ഥാനമായ പാത്രിയാർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ തയ്യാറാക്കിയ കബറിടത്തിൽ ഭൗതികശരീരം കബറടക്കി.

വ്യാഴാഴ്‌ച വൈകിട്ട് കാലംചെയ്‌ത ബാവയുടെ സംസ്‌കാര ശുശ്രൂഷകൾ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആരംഭിച്ചു. യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് ഗ്രിഗോറിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന അന്ത്യശുശ്രൂഷകളിൽ മുഴുവൻ മെത്രാപ്പോലീത്തമാരും പങ്കെടുത്തു. അന്ത്യോഖ്യയിലെ പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായ ആർച്ച് ബിഷപ്പ് ദിവാന്നാസിയോസ് ജോൺ കവാക് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്ത എന്നിവരും പങ്കെടുത്തു.

മദ്ബഹയോട് വിടചോദിക്കുന്ന ശുശ്രൂഷകൾ വൈകിട്ട് 4.53ന് ആരംഭിച്ചു. ഭൗതികശരീരം മൂന്നു ദിക്കുകളിലേക്ക് ഉയർത്തിക്കാണിച്ചു. മെത്രാപ്പോലീത്തമാർ അന്ത്യചുംബനം നൽകിയതോടെ യാത്രാമൊഴി പ്രാർത്ഥനകൾ സുറിയാനി, മലയാളം ഭാഷകളിൽ ചൊല്ലി. 5.09ന് കബറിടത്തിൽ എത്തിച്ച് മുഖം വെളുത്ത തുണിയാൽ മൂടി. ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത തൈലാഭിഷേകം നടത്തി. മണ്ണിൽ നിന്ന് വന്നവൻ മണ്ണിലേക്ക് മടങ്ങുന്നുവെന്ന പ്രാർത്ഥനയുടെ അകമ്പടിയോടെ ഭൗതികശരീരം കബറിടത്തിലേക്ക് ഇറക്കി. പരേതൻ സ്വർഗത്തിൽ മാലാഖമാർക്കൊപ്പം ചേരുന്നെന്ന പ്രാർത്ഥന മുഴങ്ങി. മെത്രാപ്പോലീത്തമാരും വൈദികരും കബറിടം വലംവച്ച് കുന്തിരിക്കം സമർപ്പിച്ചു. പിന്നാലെ വിശ്വാസികളും കുന്തിരിക്കം സമർപ്പിച്ചു. ആറു മണിയോടെ ചടങ്ങുകൾ പൂർത്തിയായി.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി., സിനിമാതാരം മമ്മൂട്ടി, കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, കർദ്ദിനാൾ ജോർജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ തുടങ്ങിയ പ്രമുഖരും അന്തിമോപചാരം അർപ്പിച്ചു.


Source link
Exit mobile version