തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് മുൻപ് നാവുകൊണ്ട് ബിജെപിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളാണ് ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സതീശിന്റെ പുറകിൽ ഞാനാണെന്ന വാർത്തകൾ തെറ്റാണെന്നും ശോഭാ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘ഏത് സൊസൈറ്റിയിൽ നിന്നാണ് തിരൂർ സതീശ് വായ്‌പയെടുത്തതെന്ന് അന്വേഷിക്കണം. ബിജെപി ഓഫീസിൽ നിന്ന് പുറത്തായതിനുശേഷം കഴിഞ്ഞ ഒരുവർഷത്തിനകം സൊസൈറ്റിയിലെ ലോണിലേയ്ക്ക് എത്ര ലക്ഷം രൂപയാണ് സതീശ് അടച്ചിട്ടുള്ളതെന്നും അന്വേഷിക്കണം. മാർക്‌സിസ്റ്റ് പാർട്ടിയിലെ വലിയ നേതൃനിരയിലേയ്ക്ക് കടന്നുവന്ന ഒരു കണ്ണനെതിരെ ഡൽഹിയിൽ പോയ ആളാണ് ഞാൻ. കരുവന്നൂർ കേസിൽ മുൻമന്ത്രിയെ ഉൾപ്പെടെ ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ടും അന്വേഷണം നടത്തണം എന്നുമാവശ്യപ്പെട്ട് കൊണ്ടും ഏറ്റവും കൂടുതൽ തവണ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച പൊതുപ്രവർത്തകയാണ് ഞാൻ.
സതീശിന്റെ പുറകിൽ ഞാനാണെന്ന് ചിലർ പറയുന്നു. കേരള രാഷ്ട്രീയത്തിൽ ശോഭ സുരേന്ദ്രൻ ഉണ്ടാകരുതെന്ന് ഒന്നാമതായി ആഗ്രഹിക്കുന്നത് മുഖ്യമന്ത്രിയാണ്, എന്റെ കൂടെ പാർട്ടി മാറാൻ ഡൽഹിവരെയെത്തിയ ഇ പി ജയരാജൻ ആണ് പിന്നെയുള്ളത്.
സതീശിനെ ഞാൻ കണ്ടിട്ടില്ല. ഞാൻ ഭയപ്പെടുമെന്നാണോ നിങ്ങൾ കരുതിയത്. ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവച്ച് കേരള രാഷ്ട്രീയത്തിൽ നിന്ന് പൊതുപ്രവർത്തനം അവസാനിപ്പിച്ച് എന്നെ വീട്ടിലേയ്ക്ക് വിടാനാണ് ശ്രമമെങ്കിൽ അങ്ങനെ ചെയ്യുന്നവരുടെ മുഖപടം ചീന്തിയെറിഞ്ഞ് കളയാനുള്ള ബന്ധങ്ങൾ എനിക്കുണ്ട്. എന്റെ ജീവിതംവച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല. നിങ്ങൾക്കെന്നെ കൊല്ലാം, പക്ഷേ ഇല്ലാതാക്കാൻ കഴിയില്ല. ഞാൻ ഇനിയും കേരളത്തിൽ ഉണ്ടാവും. ഇതിൽ കൂടുതൽ പറയാൻ രേഖകളുമായി വരും.’- ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
Source link