KERALAM

എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്

കോട്ടയം: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് കേരള സാഹിത്യ അക്കാഡമി വിശിഷ്ടാംഗം കൂടിയായ എൻ.എസ്. മാധവൻ അർഹനായി. അഞ്ചുലക്ഷം രൂപയും, ശില്പവും, പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം പിന്നീട് സമ്മാനിക്കും.

എസ്.കെ.വസന്തൻ ചെയർമാനും ഡോ.ടി.കെ.നാരായണൻ, ഡോ.മ്യൂസ് മേരി ജോർജ് എന്നിവർ അംഗങ്ങളായും സി.പി.അബൂബക്കർ മെമ്പർ സെക്രട്ടറിയുമായുള്ള സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വൈവിദ്ധ്യ പൂർണമായ പ്രമേയങ്ങൾ ശില്പഭദ്രമായി ചെറുകഥാ രൂപത്തിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം അസാധാരണ വൈദഗ്ദ്ധ്യമാണ് പ്രകടിപ്പിക്കുന്നതെന്ന് ജൂറി വിലയിരുത്തി.

1948ൽ എറണാകുളത്ത് ജനിച്ച എൻ.എസ്.മാധവന് 1975ൽ ഐ.എ.എസ് ലഭിച്ചു. ധനകാര്യവകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരമടക്കം ലഭിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്നുള്ള സംഭവ വികാസങ്ങളെ ബന്ധപ്പെടുത്തി രചിച്ച ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന ചെറുകഥയെ ആസ്പദമാക്കി കായാതരൺ എന്ന ഹിന്ദിചിത്രം പുറത്തിറങ്ങി.

ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, എന്റെ പ്രിയപ്പെട്ട കഥകൾ, പര്യായകഥകൾ, നാലാം ലോകം, തിരുത്ത്,ഹിഗ്വിറ്റ, ചൂളൈമേട്ടിലെ ശവങ്ങൾ, നിലവിളി, പഞ്ചകന്യകകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.


Source link

Related Articles

Back to top button