റോഡ് സുരക്ഷാ യോഗത്തിൽ എസ്‌പി എത്തിയില്ല; പകരമയച്ച എസ്‌ഐയെ തിരിച്ചയച്ച് പത്തനംതിട്ട ജില്ലാ കളക്‌ടർ

പത്തനംതിട്ട: റോഡ് സുരക്ഷാ യോഗത്തിൽ നിന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിട്ടുനിന്നു. എസ്‌പി പങ്കെടുക്കാതെ റോഡ് സുരക്ഷാ യോഗത്തിൽ അസോസിയേഷൻ നേതാവായ എസ്‌ഐയെ അയക്കുകയായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തിൽ എസ്‌പി തന്നെ പങ്കെടുക്കണമെന്ന് നിലപാടിലായിരുന്നു ജില്ലാ കളക്‌ടർ പ്രേം കൃഷ്‌ണൻ എസ്. അദ്ദേഹം എസ്‌ഐയെ തിരിച്ചയച്ചു.

ബുധനാഴ്‌ചയായിരുന്നു ജില്ലാതല റോഡ് സുരക്ഷാ അവലോകന യോഗം. ലക്ഷങ്ങളുടെ ഫണ്ട് വിനിയോഗം അടക്കം സുപ്രധാന തീരുമാനമെടുക്കേണ്ട യോഗത്തിലാണ് ജില്ലാ പൊലീസ് മേധാവി പങ്കെടുക്കാതിരുന്നത്.

മഴ അവധി പ്രഖ്യാപിക്കാത്തതിന് പത്തനംതിട്ട ജില്ലാ കളക്‌ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ആത്മഹത്യാ ഭീഷണിയും അസഭ്യവും വന്ന സംഭവത്തിൽ പ്രേം കൃഷ്‌ണൻ നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജൂലായിലായിരുന്നു സംഭവം. മോശം കമന്റിട്ട രണ്ട് വിദ്യാർഥികളുടെ അക്കൗണ്ട് സൈബർ സെൽ വഴി കണ്ടെത്തി മാതാപിതാക്കളെ വിളിച്ചു വരുത്തി അദ്ദേഹം താക്കീത് നൽകുകയായിരുന്നു. അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ നിരവധി ഫോൺ കോളുകളാണ് അന്ന് കളക്‌ടർക്ക് വന്നത്.

ഒഫീഷ്യൽ അക്കൗണ്ട് മാത്രമല്ല, പേഴ്‌സണൽ അക്കൗണ്ട് വരെ തപ്പിപ്പിടിച്ചാണ് പലരും മെസേജ് അയച്ചത്. പലതും വളരെ മോശമായ മെസേജുകളായിരുന്നുവെന്ന് കളക്‌ടർ അന്ന് പറഞ്ഞിരുന്നു. ചിലരുടെ മെസേജിൽ അപേക്ഷയുടെ രീതി മാറി അസഭ്യം വരെ എത്തിയപ്പോഴാണ് സൈബർ സെല്ലിനെ സമീപിച്ചതെന്നും കളക്‌ടർ അന്ന് പറ‌ഞ്ഞിരുന്നു.


Source link
Exit mobile version