സംസ്ഥാനത്ത് അതിശക്ത മഴ വരുന്നു ; ഇന്ന് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെ ആറിടത്ത് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:തുലാവർഷം ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു. വരുംദിവസങ്ങളിലും അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രിയിൽ ഉൾപ്പെടെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ,പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മഴ ചൊവ്വാഴ്ച വരെ തുടർന്നേക്കും. സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് പലഭാഗങ്ങളിലും ഇന്ന് ശക്തമായ മഴയാണ് പെയ്തത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ജോലിക്കിടെ ഇടിമിന്നലേറ്റ് ഹരിപ്പാട് ആനാരി വലിയ പറമ്പിൽ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്. വീയപുരം സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലെ തൊഴിലാളിയാണ്. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു.
എറണാകുളത്തും ശക്തമായ മഴ തുടരുകയാണ് . തൃക്കാക്കരയിൽ രണ്ട് ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. കാക്കനാട് പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസിന് സമീപത്തും എൻ.ജി.ഒ ക്വാർട്ടേഴ്സ് കുഴിക്കാല അമ്പലത്തിന് സമീപത്തെയും തണൽ മരങ്ങളാണ് കടപുഴകിയത്.
Source link