കൊച്ചി: യാക്കോബായ സഭയുടെ ആത്മീയ ചൈതന്യവും കരുത്തുമായിരുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറടക്കം പൂർത്തിയായി. അഞ്ചേകാലോടെ സംസ്‌കാര ശുശ്രൂഷയുടെ എട്ടുഘട്ടവും പൂർത്തിയായി. പുത്തൻകുരിശ് പാത്രിയാർക്കൽ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിലാണ് ശുശ്രൂഷകൾ നടന്നത്. യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ് തുടങ്ങിയവർ കബറടക്ക ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
വൻ ജനസാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷ ചടങ്ങ് നടന്നത്. ആയിരക്കണക്കിന് വിശ്വാസികൾ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വി എൻ വാസവൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നടൻ മമ്മൂട്ടി എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
കോതമംഗലത്ത് ചെറിയപള്ളി, മർത്തമറിയം വലിയപള്ളി എന്നിവിടങ്ങളിൽ ഇന്നലെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരുന്നു. ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള, എം.പിമാരായ ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, മന്ത്രി സജി ചെറിയാൻ, എം.എൽ.എമാരായ ആന്റണി ജോൺ, മോൻസ് ജോസഫ്, പി.വി. ശ്രീനിജിൻ, എൽദോസ് കുന്നപ്പിള്ളി, ചാണ്ടി ഉമ്മൻ, മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി തുടങ്ങിയവർ അവിടെ അന്ത്യാഞ്ജലി അർപ്പിച്ചു.
വൈകിട്ട് നാലോടെ പ്രത്യേക ബസിൽ ആരംഭിച്ച വിലാപയാത്ര മൂവാറ്റുപുഴ വഴി രാത്രി വൈകിയാണ് പുത്തൻകുരിശിൽ എത്തിയത്. വഴിനീളെ നൂറുകണക്കിന് വിശ്വാസികൾ അന്ത്യാഞ്ജലിയർപ്പിക്കാൻ കാത്തു നിന്നിരുന്നു.
Source link