തിരുവനന്തപുരം: പ്രതിന്ധിഘട്ടങ്ങളിൽ ലോകത്തിനാകെ മാതൃകയായ നമ്മുടെ ഐക്യത്തിന്റെ അടിസ്ഥാനം മാതൃഭാഷയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളഭാഷയെ അഭിവൃദ്ധിപ്പെടുത്താനും സംരക്ഷിക്കാനും ഓരോരുത്തർക്കും കഴിയണം. ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പും വിവരപൊതുജനസമ്പർക്ക വകുപ്പും സംയുക്തമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വർഷങ്ങൾ പൂർത്തിയായി. ഇക്കാലയളവിൽ ആരോഗ്യവിദ്യാഭ്യാസക്ഷേമമേഖലകളിൽ ഉൾപ്പെടെ ലോകത്തിനാകെ മാതൃകയാകുന്ന നിരവധി സംഭാവനകൾ നൽകാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മലയാളികൾ ഒരേ മനസ്സോടെയാണ് കൈകോർത്തത്.
സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും അറിവ് എത്തിക്കാൻ മാതൃഭാഷയോളം മികവുറ്റ മറ്റൊരു ഉപാധിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളഭാഷാ പരിപോഷണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഏഴാച്ചേരി രാമചന്ദ്രനേയും ഡോ. നടുവട്ടം ഗോപാലകൃഷ്ണനേയും സർക്കാരിനു വേണ്ടി മുഖ്യമന്ത്രി ആദരിച്ചു. സമകാലിക ജനപഥം ഭരണഭാഷാ പതിപ്പിന്റേയും സർക്കാർ കലണ്ടറിന്റേയും പ്രകാശനവും സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാര വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.
ചടങ്ങിൽ അദ്ധ്യക്ഷയായിരുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉദ്യോഗസ്ഥർക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള സർവകലാശാല മലയാള വിഭാഗം പ്രൊഫ. ഡോ. സി.ആർ പ്രസാദ് മുഖ്യപ്രഭാഷണവും ഏഴാച്ചേരി രാമചന്ദ്രനും ഡോ. നടുവട്ടം ഗോപാലകൃഷ്ണനും പ്രഭാഷണവും നടത്തി. പൊതുഭരണവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാൽ,വിവരപൊതുജനസമ്പർക്ക വകുപ്പ് സെക്രട്ടറി എസ് .ഹരികിഷോർ തുടങ്ങിയവർ സംബന്ധിച്ചു.
Source link