യു. എസ് തിരഞ്ഞെടുപ്പ് കഴിയും വരെ ഇസ്രയേലിനെ ആക്രമിച്ചേക്കില്ല
വാഷിംഗ്ടൺ: യു.എസിൽ ചൊവ്വാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആശങ്കയിൽ ഇറാൻ. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തിയാൽ തങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് ഇറാന്റെ ആശങ്ക.
തിരഞ്ഞെടുപ്പ് കഴിയും വരെ ഇസ്രയേലിനെ ഇറാൻ ആക്രമിച്ചേക്കില്ലെന്നും കേൾക്കുന്നു. ഒക്‌ടോബർ 26ന് ടെഹ്റാനിലെ ഇസ്രയേൽ വ്യോമാക്രമണത്തിന് തിരിച്ചടി നൽകാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമായി ഇറാൻ സജ്ജമാണ്.
ഇറാക്കിലെ നിഴൽ സംഘടനകൾ വഴി ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉത്തരവ് നൽകിയെന്നാണ് റിപ്പോർട്ട്. എന്നാൽ, തിരഞ്ഞെടുപ്പിന് മുമ്പ് ഇസ്രയേലിനെ ആക്രമിക്കുന്നത് ട്രംപിന് ഗുണമാകുമെന്ന് ഇറാൻ കരുതുന്നു.
ട്രംപ് പ്രസിഡന്റായിരിക്കെയാണ് ഇറാന്റെ ‘ജെയിംസ് ബോണ്ട്’ ജനറൽ ഖാസിം സുലൈമാനിയെ യു.എസ് സൈന്യം വധിച്ചത്. ഇറാൻ റെവലൂഷനറി ഗാർഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനായിരുന്നു സുലൈമാനി. ഖമനേയി കഴിഞ്ഞാൽ ഇറാനിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു സുലൈമാനി. ട്രംപിനെതിരെ ഇറാന്റെ വധഭീഷണിയും നിലവിലുണ്ട്.
ട്രംപ് വന്നാൽ… ഇറാൻ ഭയക്കുന്നത്
1. പശ്ചിമേഷ്യയിൽ ട്രംപിന് ശക്തമായ സ്വാധീനം
2. ഇസ്രയേലിന് കൂടുതൽ ധൈര്യമാകും.
3.ഇസ്രയേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാം. ഉന്നതരെ വധിക്കാം
4. ഇറാനും നിഴൽ സംഘടനകൾക്കും ഉപരോധങ്ങൾ വന്നേക്കും. ഇറാന്റെ എണ്ണ വ്യവസായത്തെ ബാധിക്കും
5. ഭീകര സംഘടനകൾക്ക് പണമെത്തുന്നത് തടയുമെന്ന് വാഗ്ദാനം
6. സൗദി അറേബ്യയുമായി 2023പുനഃസ്ഥാപിച്ച നയതന്ത്ര ബന്ധം ഉലഞ്ഞേക്കാം.
7.ഇസ്രയേൽ – സൗദി ബന്ധം ഉന്നമിട്ടുള്ള യു.എസ്-സൗദി പ്രതിരോധ ഉടമ്പടി ചർച്ച അവസാനഘട്ടത്തിൽ
കയറ്റുമതി ഇടിയും
2018ൽ ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് ട്രംപ് പിൻമാറി. പിന്നാലെ ഉപരോധത്തിലൂടെ ഇറാനെ സമ്മർദ്ദത്തിലാക്കി. ഇറാന്റെ എണ്ണ കയറ്റുമതി പ്രതിദിനം 4,00,000 ബാരലായി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഇറാന്റെ കറൻസി മൂല്യവും കുത്തനെ ഇടിഞ്ഞു.
ഇഞ്ചോടിഞ്ച്
ഒടുവിൽ പുറത്തുവന്ന 538 /എ.ബി.എസി ന്യൂസ് സർവേ പ്രകാരം 48% പിന്തുണയോടെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസ് മുന്നേറുന്നു. ട്രംപിന് 47% പിന്തുണ. ഗായികയും നടിയുമായ ജെന്നിഫർ ലോപ്പസ് കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. നീൽ ആംസ്ട്രോംഗിന് ശേഷം ചന്ദ്രനിൽ കാലുകുത്തിയ ബുസ് ആൽഡ്രിൻ (എഡ്വിൻ ആൽഡ്രിൻ) ട്രംപിനായി രംഗത്തെത്തി.
വിദേശനയം – മുന്നിലാര് ?
ട്രംപ് – 47%
കമല – 42%
(യുഗൊവ് സർവേ ഫലം)
Source link