കൊച്ചി:ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, ക്രെഡിറ്റ് കാർഡ് നിരക്ക്, മ്യൂച്വൽ ഫണ്ട് ചട്ടങ്ങൾ, ബാങ്ക് അവധി ദിനങ്ങൾ എന്നിവയിൽ പരിഷ്കാരങ്ങൾ ഇന്നലെ നിലവിൽ വന്നു. ടെലികോം മേഖലയിലെ മാറ്റങ്ങൾ ഒരു മാസത്തേക്ക് മാറ്റി. വാണിജ്യ എൽ.പി.ജി സിലിണ്ടർ വില കൂട്ടുകയും ചെയ്തു.
1. ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് കാലയളവ് 120ൽ നിന്ന് 60 ദിവസമാക്കി. യാത്രാ ദിനം ഒഴികെയാണിത്.
2.പൊതു അവധിയും തിരഞ്ഞെടുപ്പും കാരണം നവംബറിൽ 13 ദിവസം ചില സംസ്ഥാനങ്ങളിൽ ബാങ്ക് അവധിയാണ്. എല്ലാ ദിവസവും 24 മണിക്കൂറും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കും.
3.19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 61.50 രൂപ വർദ്ധന (കൊച്ചിയിലെ വില). ഗാർഹിക സിലിണ്ടർ വില മാറ്റമില്ല.
4. എസ്.ബി.ഐ ക്രെഡിറ്റ് കാർഡിൽ യൂട്ടിലിറ്റി പേമെന്റുകൾ 50,000 രൂപയിൽ അധികമായാൽ ഒരു ശതമാനം സർചാർജ്. ഡെപ്പോസിറ്റ് ആവശ്യമില്ലാത്ത കാർഡുകളുടെ പ്രതിമാസ ചാർജ്ജ് 3.75 %.
ഐ.സി.ഐ.സി.ഐ ബാങ്ക് ഫീസിലും ക്രെഡിറ്റ് കാർഡ് റിവാർഡിലും നവംബർ 15 മുതൽ മാറ്റം. വിദ്യാഭ്യാസ ആവശ്യത്തിന് തേർഡ് പാർട്ടി ഇടപാടിന് 1 ശതമാനം ഫീസ്.
5. മ്യൂച്വൽ ഫണ്ടുകൾക്ക് സെബിയുടെ കർശനമായ ട്രേഡിംഗ് നിയന്ത്രണങ്ങൾ. നോമിനികളോ ബന്ധുക്കളോ ഉൾപ്പെടുന്ന 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ കംപ്ലയൻസ് ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്യണം.
6.സ്പാം കോളുകളും മെസേജുകളും തടയാൻ ടെലികോം കമ്പനികൾ മെസേജ് ട്രേസബിലിറ്റി നടപ്പാക്കണം. ഡിസംബർ 1ന് പ്രാബല്യത്തിൽ. അനാവശ്യ സന്ദേശങ്ങൾ ഫോണുകളിലെത്തില്ല. മെസേജുകൾക്കും ഒ.ടി.പി നിർദ്ദേശങ്ങൾക്കും നിയന്ത്രണമുണ്ടാകില്ല.
7 ആഭ്യന്തര പണമിടപാടുകൾ സുരക്ഷിതമാക്കാൻ ആർ.ബി.ഐയുടെ പുതിയ ചട്ടങ്ങൾ നിലവിൽ വന്നു.
Source link