വാഷിംഗ്ടൺ: യു.എസിന്റെ ചരിത്രത്തിൽ ഇംപീച്ച് ചെയ്യപ്പെട്ട മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. ആൻഡ്രു ജോൺസണും ബിൽ ക്ലിന്റനുമാണ് മറ്റ് രണ്ട് പേർ. ജനപ്രതിനിധി സഭയിൽ നിന്ന് സെനറ്റിലേക്ക് ഇംപീച്ച്മെന്റ് പ്രമേയം എത്തിയപ്പോൾ മൂവരും തെറ്റുകാരല്ലെന്ന വിധിയാണുണ്ടായത്. എന്നാൽ രണ്ട് തവണ ഇംപീച്ച്മെന്റിന് വിധേയമെന്ന റെക്കാഡ് ട്രംപിന്റെ പേരിലാണ്.
ആദ്യം ജോൺസൺ
യു.എസ് ചരിത്രത്തിൽ ആദ്യമായി ഇംപീച്ച് ചെയ്യപ്പെട്ടത് പതിനേഴാമത്തെ പ്രസിഡന്റായിരുന്ന ആൻഡ്രു ജോൺസനാണ്. 1865 ഏപ്രിലിൽ അന്നത്തെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ കൊലപാതകത്തെതുടർന്നാണ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന ആൻഡ്രു ജോൺസണെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിച്ചത്. എന്തും വെട്ടിത്തുറന്ന് പറയുന്ന, വെളുത്ത വർഗക്കാരെ പിന്തുണയ്‌ക്കുന്ന സ്വഭാവക്കാരനായിരുന്നു ജോൺസൺ. അമേരിക്കൻ ആഭ്യന്തരയുദ്ധത്തെതുടർന്ന് അമേരിക്കയിലുടനീളം അടിച്ചമർത്തലും വംശീയ ആക്രമണങ്ങളും അരങ്ങേറി. വർണ വിവേചനം അവസാനിപ്പിക്കാനും തുല്യത ഉറപ്പാക്കാനും ജോൺസണെ പുറത്താക്കണമെന്നും പുതിയ പ്രസിഡന്റ് അധികാരമേൽക്കണമെന്നുമുള്ള ആവശ്യം ശക്തമായി. എന്നാൽ ജോൺസൺ അങ്ങനെയൊന്നും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.
തർക്കം പതിവ്
തന്റെ രാഷ്ട്രിയ ശത്രുക്കളെ കൊല്ലാൻ വരെ ജോൺസൺ ആഹ്വാനം ചെയ്‌തു. യു.എസ് കോൺഗ്രസിൽ റിപ്പബ്ലിക്കൻമാരുമായി ഡെമോക്രാറ്റായിരുന്ന ജോൺസണിന് തർക്കം പതിവായിരുന്നു. റിപ്പബ്ലിക്കൻമാർ മോചിക്കപ്പെട്ട അടിമകളുടെ അവകാശങ്ങൾക്കായും മുൻകോൺഫെഡറേറ്റ് നേതാക്കളെ ശിക്ഷിക്കാനും നിയമനിർമാണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പബ്ലിക്കൻമാരുടെ ഓരോ ശ്രമങ്ങളും ജോൺസൺ തന്റെ പ്രസിഡൻഷ്യൽ വീറ്റോ ഉപയോഗിച്ച് തടസപ്പെടുത്തി.
ക്യാബിനറ്റിലെ അംഗങ്ങളെ സെനറ്റിന്റെ അംഗീകാരമില്ലാതെ പുറത്താക്കുന്നതിൽ നിന്നും പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തിക്കൊണ്ടുള്ള നിയമം യു.എസ് കോൺഗ്രസിൽ പാസായി. ഇതിനെതിരെ ധിക്കാരമെന്നവണ്ണം തന്റെ രാഷ്ട്രിയ ശത്രുവും ക്യാബിനറ്റ് അംഗവുമായിരുന്ന എഡ്വിൻ സ്‌റ്റാന്റനെ ജോൺസൺ സസ്‌പെന്റ് ചെയ്‌തു. എന്നാൽ ജോൺസന്റെ ഈ നീക്കത്തിൽ പ്രതിഷേധിച്ച് എഡ്വിൻ ഓഫീസ് അകത്ത് നിന്നും പൂട്ടി പുറത്തിറങ്ങാൻ വിസമ്മതിച്ചു. എഡ്വിനെ നീക്കം ചെയ്തെങ്കിലും ജോൺസനെ പാഠം പഠിപ്പിക്കാനായി റിപ്പബ്ലിക്കൻമാർ ഇംപീച്ച്മെന്റ് ആർട്ടിക്കിളുകൾ തയ്യാറാക്കാനുള്ള ഓട്ടപ്പാച്ചിലുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു.
സെനറ്റ് രക്ഷ
1866ൽ ജനപ്രതിനിധി സഭയിൽ ജോൺസനെ ഇംപീച്ച് ചെയ്തു. എന്നാൽ സെനറ്റിൽ പ്രമേയം പാസാക്കിയെങ്കിലും ജോൺസൺ കുറ്റവിമുക്തനാക്കപ്പെട്ടു. പുറത്താക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് വോട്ടിൽ നിന്നും വെറും ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് ജോൺസൺ അന്ന് രക്ഷപ്പെട്ടത്. കുറ്റവിമുക്തനാക്കപ്പെട്ടശേഷം ജോൺസൺ കരഞ്ഞെന്നും തന്റെ യശ്ശസ് തിരിച്ചുപിടിക്കാൻ സാധിച്ചതിൽ സ്വയം പുകഴ്ത്തിയിരുന്നതായും പറയപ്പെടുന്നു.
തന്റെ ബാക്കി അധികാര കാലാവധി ജോൺസൺ പൂർത്തിയാക്കിയെങ്കിലും ഇംപീച്ച്മെന്റിന്റെ പേരിൽ ജോൺസന്റെ അവസാനമാസങ്ങളിൽ ശക്തമായ എതിർപ്പുകൾ നേരിട്ടിരുന്നു. 1869ൽ ജോൺസന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകൾക്ക് അധികാരം നഷ്‌ടമായി.
ഉലീസസ് എസ് ഗ്രാന്റിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടി അമേരിക്കയിൽ അധികാരത്തിലെത്തി. പാവപ്പെട്ട കുടുംബത്തിൽ ദാരിദ്ര്യത്തിന് നടുവിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തപ്പെട്ട ജോൺസന് സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല.
Source link