യൂത്ത് കോൺ. പ്രവർത്തകർക്ക് മർദ്ദനം: പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

ചെറുതുരുത്തി: ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപം സമരത്തിനെത്തിയ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാർ മർദ്ദിച്ചെന്ന് പരാതി. ദേശമംഗലം തലശ്ശേരി സ്വദേശികളായ നിഷാദ് തലശ്ശേരി, ഷമീർ തലശ്ശേരി എന്നിർക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷേക്ക് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള ഡി.വൈ.എഫ്‌.ഐ സംഘം മർദ്ദിച്ചതെന്നാണ് പരാതി. ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം.

ഇതേത്തുടർന്ന് വൈകിട്ട് 5.30ന് ചെറുതുരുത്തി പൊലീസ് സ്റ്റേഷന്റെ മുന്നിൽ തുടങ്ങിയ കോൺഗ്രസ് നടത്തിയ ഉപരോധം രാത്രി വൈകിയും തുടർന്നു. സ്റ്റേഷൻ ഓഫീസറെ മാറ്റണമെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ടി.എൻ. പ്രതാപൻ, എ.എ. ഷുക്കൂർ, അനിൽ അക്കര, ടി.യു. രാധാകൃഷ്ണൻ, സി.സി. ശ്രീകുമാർ, പി.എം. അനീഷ്, പി.ഐ. ഷാനവാസ്, പി.എ. അബ്ദുൽ കരീം തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. തുടർന്ന് കുന്നംകുളം എ.സി.പിയുമായി ചർച്ച നടത്തി.

അതേസമയം വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് സി.പി.എം ആരോപിച്ചു. തുടർന്ന് കോൺഗ്രസ് ഉപരോധം നടക്കുന്ന വഴിയിലൂടെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രകടനവും നടന്നു. ഇതിനിടെ കോൺഗ്രസ്-സി.പി.എം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ടാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.


Source link
Exit mobile version