INDIALATEST NEWS

മഹാരാഷ്ട്രയിൽ വിമത പ്രളയം; മുന്നണികൾക്കുള്ളിൽ അതൃപ്തി പുകയുന്നു

മഹാരാഷ്ട്രയിൽ വിമത പ്രളയം, മുന്നണികൾക്കുള്ളിൽ അതൃപ്തി പുകയുന്നു – Maharashtra Assembly election | Rebels | MVA | Congress | Latest News | Manorama News

മഹാരാഷ്ട്രയിൽ വിമത പ്രളയം; മുന്നണികൾക്കുള്ളിൽ അതൃപ്തി പുകയുന്നു

മനോരമ ലേഖകൻ

Published: November 02 , 2024 11:31 AM IST

1 minute Read

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബാരാമതിയിലെ എൻസിപി സ്ഥാനാർഥിയുമായ അജിത് പവാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ. ചിത്രം: PTI

മുംബൈ ∙ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിമത പ്രളയത്തിൽ വലഞ്ഞ് മഹാരാഷ്ട്രയിലെ മുന്നണികൾ. തിരക്കിട്ട ചർച്ച നടക്കുമ്പോഴും കൂട്ടത്തരവാദിത്തമില്ലാതെ നേതാക്കൾ പ്രവർത്തിക്കുന്നത് മഹാവികാസ് അഘാഡിയിലും (എംവിഎ) എൻഡിഎയിലും (മഹായുതി) കടുത്ത വെല്ലുവിളിയുയർത്തുന്നു. സ്ഥാനാർഥി പ്രഖ്യാപനവും പത്രികാ സമർപ്പണവും കഴിഞ്ഞിട്ടും, മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കൾ തമ്മിൽ സ്വര‌ച്ചേർച്ചയില്ലാത്തത് വോട്ടുചോർച്ചയ്ക്ക് കാരണമാകും. എൻഡിഎയിൽ അജിത് പവാറിന്റെ ചിത്രം ഇല്ലാതെ ഒട്ടേറെയിടങ്ങളിൽ പോസ്റ്ററുകൾ ഉയർന്നുകഴിഞ്ഞു.

അജിത്തിനെ ഒപ്പം കൂട്ടിയത് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തലുണ്ടായിരുന്നു. ബിജെപിയുടെ എതിർപ്പിനെ മറികടന്ന് നവാബ് മാലിക്കിന് സ്ഥാനാർഥിത്വം കൊടുത്തതോടെ കല്ലുകടി കൂടി. ഇതിനൊപ്പം ഷിൻഡെ നേതാവ് സദാ സർവങ്കർ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന മാഹിം മണ്ഡലത്തിൽ ബിജെപി പരസ്യമായി എംഎൻഎസ് നേതാവ് രാജ് താക്കറെയുടെ മകന് പിന്തുണ നൽകിയതിലും അതൃപ്തി പുകയുന്നു. കല്യാൺ ഈസ്റ്റിൽ ബിജെപി സ്ഥാനാർഥിക്കെതിരെ ശിവസേന ഷിൻഡെ വിഭാഗം വിമത സ്ഥാനാർഥിയായി രംഗത്ത് ഉണ്ട്. ഇരുമുന്നണികളിലുമായി 80ൽ ഏറെ വിമതർ മത്സരിക്കുന്നു.

പ്രത്യേക ഹെലികോപ്റ്ററുകൾ
എവിടെയൊക്കെ വിമതരുണ്ടെന്ന് കണ്ടുപിടിക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. എൻഡിഎയിൽ 50ൽ അധികം വിമതരുണ്ട്. നാലിന് മുൻപായി പത്രിക പിൻവലിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് നേതാക്കൾ. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും അടുപ്പക്കാർ വരെ വിമതരായെത്തി. സാധാരണ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നതെങ്കിൽ ഇത്തവണ പത്രിക സമർപ്പിക്കാനുള്ള പാർട്ടിയുടെ എബി ഫോം നൽകാൻ വരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു. ശിവസേന (ഷിൻഡെ) ഒരു സ്ഥാനാർഥിക്ക് അവസാന നിമിഷം എബി ഫോം എത്തിച്ച് കൊടുത്തത് പ്രത്യേക ഹെലികോപ്റ്ററിലാണ്.

വഴങ്ങാതെ വിമതപ്പട
25ന് അടുത്തു വിമതരാണ് അഘാഡിയിൽ പത്രിക നൽകിയിരിക്കുന്നത്. അവസാന നിമിഷം വരെ സീറ്റ് പ്രതീക്ഷിച്ച അന്ധേരിയിലെ മലയാളി കോൺഗ്രസ് നേതാവ് മൊഹ്സീൻ ഹൈദർ ഉൾപ്പെടെയുള്ളവരും ഇക്കൂട്ടത്തിലുണ്ട്. വിമതരെ അനുനയിപ്പിക്കാൻ കോൺഗ്രസ് കാര്യമായ നടപടികൾ എടുക്കുന്നില്ലെന്നാണ് ആക്ഷേപം. ചർച്ച നടത്താൻ ചുമതലപ്പെടുത്തിയ മുതിർന്ന നേതാക്കൾ പലരും സ്വന്തം മണ്ഡലത്തിലെ വോട്ട് ഉറപ്പിക്കുന്ന തിരക്കിലുമാണ്.

ഹെലികോപ്റ്ററിൽ എത്തിച്ച് ചർച്ച
ഷിർഡി മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി പത്രിക സമർപ്പിച്ച ബിജെപി വിമതനെ പ്രത്യേക ഹെലികോപ്റ്ററിൽ മുംബൈയിൽ എത്തിച്ച് അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും നേതൃത്വത്തിൽ ചർച്ച നടത്തി. വിമതനായ രാജേന്ദ്ര പി‍പാഡയെ അനുനയിപ്പിക്കാനാണ് ഹെലികോപ്റ്റർ അയച്ചത്. മുതിർന്ന നേതാവായ പിപാഡ മത്സരിച്ചാൽ ബിജെപി സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ രാധാകൃഷ്ണ പാട്ടീൽ പരാജയപ്പെടാനുള്ള സാധ്യതയുണ്ട്.

English Summary:
Maharashtra Elections Rocked by Rebel Wave: Alliances in Disarray

5us8tqa2nb7vtrak5adp6dt14p-list 78esfb0u9jlm0q1uf33ks1cm8f 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-nda mo-news-common-mumbainews mo-politics-parties-congress mo-politics-elections-maharashtraassemblyelection2024 mo-politics-parties-maha-vikas-aghadi-government


Source link

Related Articles

Back to top button