നെഗറ്റീവായി റിവ്യൂ പറഞ്ഞ ആരെയും വിളിച്ചിട്ടില്ല, പക്ഷേ ഇയാളെ വിളിക്കാൻ കാരണമുണ്ട്; പ്രതികരണവുമായി ജോജു ജോർജ്

‘പണി’ സിനിമയുടെ റിവ്യൂ എഴുതിയ ആളെ ഭീഷണിപ്പെടുത്തിയെന്ന വാർത്തയിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ജോജു രംഗത്തെത്തിയത്. ജോജു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പണി’.


‘എല്ലാവർക്കും നമസ്‌കാരം. വളരെ അത്യാവശ്യമുള്ള കാര്യം പറയാനാണ് അസമയത്ത് ലൈവിൽ വന്നത്. ഞാൻ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞിട്ടുള്ള ശബ്ദരേഖ പ്രചരിക്കുന്നുണ്ട്. ഞാൻ തന്നെയാണ് ഭീഷണിപ്പെടുത്തിയത്.

ഒരു വേദി കിട്ടിയതുകൊണ്ടാണ് ഞാൻ വന്നത്. ദയവായി എല്ലാവരും നല്ല അർത്ഥത്തിലെടുക്കണം. ഒരുപാട് വലിയ പൈസ ഇൻവെസ്റ്റ് ചെയ്ത സിനിമയാണിത്. ആ സിനിമയുടെ പേരിൽ ആദ്യ രണ്ട് ദിവസങ്ങളിൽ ഡീഗ്രേഡിംഗ് ഉണ്ടായി. അത് നമ്മളെ വലുതായി തളർത്തി. പക്ഷേ പ്രേക്ഷകർ ആ സിനിമ ഏറ്റെടുത്തു. ഭാഗ്യമെന്നോ ദൈവാനുഗ്രഹമെന്നോ വിളിക്കാം. അതിനുശേഷം പല സൈറ്റുകളിലും ഇതിന്റെ പ്രിന്റുകൾ വന്നു.

നെഗറ്റീവായി ഒരുപാട് റിവ്യൂകൾ വന്നിട്ടുണ്ട്. ഞാനൊരാളെയും വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ്. എന്റെ സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ലെന്ന് തന്നെ പറയണം. നല്ലതാണെന്ന് പറയണമെന്ന് ഒരിക്കലും പറയുന്നില്ല. പക്ഷേ ഈ കക്ഷി ഒരേ റിവ്യൂ ഒരുപാട് സ്ഥലങ്ങളിൽ കോപ്പി പേസ്റ്റ് ചെയ്യുകയും, അത് പ്രചരിപ്പിക്കുകയും ചെയ്തു. കമന്റുകളുടെ അടിയിൽ ഈ സിനിമ കാണരുതെന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്.

ഞാൻ വിധിയിൽ വിശ്വസിക്കുന്ന ആളാണ്. ഒരു സിനിമ വിജയിപ്പിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് വിനോദോപാധിയാണെങ്കിലും എന്നെ സംബന്ധിച്ച് ജീവിത പ്രശ്നമാണിത്. കാരണം ഞാൻ പ്രൊഡ്യൂസറായതുകൊണ്ട്.ഞാൻ അദ്ദേഹത്തെ വിളിക്കാൻ കാരണം റിവ്യൂ അല്ല. പക്ഷേ ഒരുപാട് സ്ഥലങ്ങളിൽ ഇത് കോപ്പി പേസ്റ്റ് ചെയ്തുകൊണ്ടുള്ള കമന്റ് വന്നു. അപ്പോൾ പർപ്പസ് ഫുള്ളി ഒരാൾ ചെയ്യുന്നതാണ്. അപ്പോൾ അയാളോട് എനിക്ക് സംസാരിക്കണമെന്ന് തോന്നി. എന്റെ രണ്ട് വർഷത്തെ അദ്ധ്വാനമാണ് ആ സിനിമ. ഞാൻ അയാളെ വിളിച്ച് സംസാരിച്ചു. എനിക്ക് കിട്ടിയ രേഖകൾ വച്ച് മുന്നോട്ടുപോകും. വ്യക്തിപരമായി ഇദ്ദേഹത്തെ എനിക്കറിയുക പോലുമില്ല. എന്നെ കരുതിക്കൂട്ടി ഇങ്ങനെ ഒരു കാര്യം ചെയ്യുമ്പോൾ ദേഷ്യമൊക്കെ എനിക്കുണ്ട്. അത് ഞാൻ പ്രകടിപ്പിക്കും.’- ജോജു പറഞ്ഞു.

സിനിമയെ വിമർശിച്ചതു കാരണം തന്നെ ജോജു ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നിരൂപകൻ ആദർശ് ആണ് രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പണി സിനിമയിലെ പീഡന രംഗങ്ങളെ വിമർശിച്ചുകൊണ്ട് ആദർശ് കുറിപ്പ് പങ്കുവച്ചിരുന്നു.

‘നിന്നെ ഞാൻ എല്ലാം കാണിക്കുന്നുണ്ട്, നീ എനിക്ക് ഒന്ന് പറഞ്ഞ് തന്നാൽ മതി’ എന്ന് പറഞ്ഞു കൊണ്ടാണ് ജോജു ആദർശിനെ വിളിക്കുന്നത്. ഞാൻ കാശ് കൊടുത്ത് കണ്ട സിനിമയാണ് അതിന്റെ അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ട് പറഞ്ഞപ്പോൾ നീ തീർച്ചയായും പറയണം. നിനക്ക് എന്റെ മുന്നിൽ വരാൻ ധൈര്യമുണ്ടോ? എന്ന ഭീഷണിയും ജോജു ഉയർത്തി.

വരാൻ ഞാൻ എന്തിനാണ് പേടിക്കുന്നത്. നിങ്ങൾ വന്ന് കണ്ടോളൂ. ഒരു സിനിമയിൽ റേപ്പ് പോലുള്ള കാര്യങ്ങൾ ഇങ്ങനെയല്ല എടുക്കേണ്ടത് എന്നാണ് പറഞ്ഞതെന്ന് നിരൂപകൻ സംഭാഷണത്തിൽ പറയുന്നുണ്ട്. നീ നിന്റെ അഭിപ്രായം എഴുതി ഇട്ടിരിക്കുന്നു എന്തിനാണ് പേടിക്കുന്നത്. സിനിമ എടുക്കേണ്ടത് എങ്ങനെയാണെന്ന് നീ എനിക്ക് പഠിപ്പിച്ച് തരണം, ഞാൻ വരാം നിന്റെ അടുത്തേക്ക് എന്ന് പറഞ്ഞാണ് ഫോൺ കോൾ അവസാനിക്കുന്നത്.


Source link
Exit mobile version