താമരക്കുളത്തിന് ചന്ദനം ചാർത്തി പ്രസാദ്
ആലപ്പുഴ: മറയൂർ എന്നുകേട്ടാൽ ചന്ദനമണം പരക്കും. ആ സുഗന്ധം ഇനി താമരക്കുളത്തിനും പ്രസാദം. മറയൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങൾ താമരക്കുളത്താണ്. നാട്ടുകാരനായ കൊട്ടയ്‌ക്കാട്ട് ശേരിൽ തയ്യിൽ കിഴക്കതിൽ കെ.പ്രസാദ് എന്ന 68 കാരന്റെ രണ്ടുവർഷത്തെ അദ്ധ്വാനമാണിത്. കർഷകനും പരിസ്ഥിതി സ്നേഹിയുമായ പ്രസാദ് ഗ്രൂപ്പ് ഫാമിംഗിലൂടെയാണ് നാടിനെ മറ്റൊരു മറയൂരാക്കിയത്.
2022 ആഗസ്റ്റിൽ ചാരുംമൂട്ടിലെ ഇന്ദ്രപ്രസ്ഥ ഗ്രൂപ്പിന്റെ ഒരേക്കറിൽ 356 ചന്ദനത്തൈകൾ നട്ടാണ് തുടക്കം. ഇപ്പോൾ താമരക്കുളത്തും പരിസരത്തുമായി അയ്യായിരത്തിലധികം മരങ്ങളായി. സമീപ പഞ്ചായത്തുകളിൽ നിന്ന് ആവശ്യക്കാർ എത്തിയതോടെ വിശ്രമമില്ലാതായി. കൃഷി, വനം വകുപ്പുകൾ നടപ്പാക്കുന്ന ചന്ദനക്കൃഷിയുടെ ഡി.പി.ആർ തയ്യാറാക്കുന്ന സംഘവും പ്രസാദിനെ തേടിയെത്തി.
വൻ വരുമാനം
50-70 സെ.മീ വണ്ണമുള്ള മരത്തിൽ നിന്ന് ശരാശരി 20 കി.ഗ്രാം ചന്ദനം ലഭിക്കും. കിലോയ്‌ക്ക് 13,000 രൂപ. തൊലിക്ക് 300 രൂപ. ചന്ദന വെള്ളയ്ക്ക് 1300 രൂപ.. മരംപിഴുത് ഇലയൊഴിച്ച് ലേലം ചെയ്‌താൽ 3 ലക്ഷം വരെ.
വിൽക്കാൻ നിയമതടസമില്ല
ഡി.എഫ്.ഒക്ക് അപേക്ഷ നൽകിയാൽ വേരടക്കം പിഴുതെടുത്ത് മഹസർ തയാറാക്കി മറയൂരിലെ ചന്ദന ലേല സ്റ്റോറിന് കൈമാറാം. സ്ഥലം സ്വന്തമാണെന്ന തഹസീൽദാരുടെ സാക്ഷ്യപത്രം നൽകിയാൽ മരം മറയൂരിലെത്തിച്ച ചെലവും നികുതിയും കിഴിച്ച് മുഴുവൻ പണവും അക്കൗണ്ടിലെത്തും.
കാലത്തിന് അനുയോജ്യം
1.പരിസ്ഥിതിക്ക് ഇണങ്ങും
2.വെള്ളം കുറച്ചു മതി
3.പണിക്കാരുടെ ക്ഷാമത്തിന് പരിഹാരം
4.ഇടവിള കൃഷിയിലൂടെയും വരുമാനം
5.15- 20 വർഷത്തിനകം ആദായം
കൃഷി ഹരമാക്കി പ്രസാദ്
ഇംഗ്ളീഷിലും പൊളിറ്റിക്സിലും ബിരുദാനന്തര ബിരുദം. കിട്ടിയ സർക്കാർ ജോലികൾ ഉപേക്ഷിച്ചാണ് കർഷകനായത്. അഞ്ച് വർഷം ഗൾഫിലായിരുന്നു. കൃഷിയോടുള്ള അഭിനിവേശത്തിൽ തിരിച്ചെത്തി. ഇപ്പോൾ സംസ്ഥാനത്തെ രണ്ടാമത്തെ ഹൈടെക് ഫാമിന്റെ ഉടമയാണ്. ഭാര്യ പ്രസന്ന ഇക്കോ ഷോപ്പ് ഉടമ. മക്കൾ പ്രവ്ദജിത് ( നോർവേയിൽ സയന്റിസ്റ്റ് ), പ്രീന ജിത് (ബി.ടെക്ക് ബിരുദധാരി).
………………………
ധാരാളം പേർ ചന്ദനക്കൃഷിക്ക് തയ്യാറാകുന്നുണ്ട്. മരങ്ങളിൽ ചിപ്പ് ഘടിപ്പിച്ചും സി.സി ടി.വിയിലൂടെയും മോഷണം തടയാം. സാമ്പത്തികനേട്ടത്തിനൊപ്പം പരിസ്ഥിതിയും സംരക്ഷിക്കപ്പെടും
– കെ. പ്രസാദ്
Source link