KERALAMLATEST NEWS

എഴുത്തച്ഛൻ പുരസ്‌കാരം കഥാകൃത്ത് എൻ എസ് മാധവന്

തിരുവനന്തപുരം: മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്‌ക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്‌ത നോവലിസ്‌റ്റും ചെറുകഥാകൃത്തുമായ എൻ എസ് മാധവന്. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവുമാണ് അദ്ദേഹത്തിന് ലഭിക്കുക.

മലയാളത്തിലെ പുതുകാല ചെറുകഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എൻ.എസ് മാധവൻ. അദ്ദേഹത്തിന്റെ കഥാസമാഹാരമായ ഹ്വിഗ്വിറ്റ കേരള സാഹിത്യ അക്കാഡമി അവാർഡ്, ഓടക്കുഴൽ അവാർഡ്, മുട്ടത്തുവർക്കി പുരസ്‌കാരം എന്നിവ നേടി. പത്മരാജൻ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, വി പി ശിവകുമാർ സ്‌മാരക കേളി അവാർഡ് എന്നിങ്ങനെ മറ്റ് നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഹ്വിഗ്വിറ്റയ്‌ക്ക് പുറമേ ചൂളേമേടിലെ ശവങ്ങൾ, തിരുത്ത്, പഞ്ചകന്യകകൾ, പര്യായ കഥകൾ, ഭീമച്ചൻ എന്നീ കഥാസമാഹാരങ്ങളും ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലുമടക്കം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. സാഹിത്യരംഗത്തേതിന് പുറമേ സാമൂഹികരംഗത്തും വിവിധ വിഷയങ്ങളിൽ പ്രതികരിക്കുന്നയാളാണ് എൻ.എസ് മാധവൻ.

1948 ൽ എറണാകുളത്ത് ജനിച്ചു. മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 ൽ ഐ.എ.എസ് ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970ലെ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾക്ക് പുറമേ ദില്ലിയിലെ കഥപ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഷീലാ റെഡ്ഡി. പ്രസിദ്ധ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ മകളാണ്.


Source link

Related Articles

Back to top button