KERALAMLATEST NEWS

’18 മാസം കൊണ്ട് 30 ലക്ഷം പേർ, കേരളത്തിന്റെ അഭിമാന പദ്ധതിയെ ജനങ്ങൾ ഏറ്റെടുത്തു’

തിരുവനന്തപുരം: കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് ഒന്നരവർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരിക്കുന്നുവെന്ന് മന്ത്രി പി,​രാജീവ് അറിയിച്ചു. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ യാത്രക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നതായും രാജീവ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ സർവീസ് വിപുലീകരിക്കാനും കൂടുതൽ ടെർമിനലുകളുടെ ഉദ്ഘാടനം ചെയ്യാനും സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

10 ടെർമിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോയിലേക്ക് വരുന്ന വ്ലോഗർമാരുടെ എണ്ണവും ഏറെയാണ്. വാട്ടർമെട്രോയുടെ വളർച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയും ആകർഷിക്കുന്നു. പരിസ്ഥിതി സൗഹൃദമായ,​ എന്നാൽ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡൽ കേന്ദ്ര ഗവണ്മെൻ്റ് പോലും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്. എത്രയും പെട്ടെന്നുതന്നെ കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.


Source link

Related Articles

Back to top button