നിലവാരത്തിന്റെ പേരിൽ കുട്ടികളെ തോൽപ്പിക്കാനല്ല , വിജയിപ്പിക്കാനാണ് ശ്രമം; ബാലസംഘം പ്രമേയത്തിനെതിരെ മുഖ്യമന്ത്രി
കോഴിക്കോട്: ബാലസംഘം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നിലവാരത്തിന്റെ പേരിൽ കുട്ടികളെ തോൽപ്പിക്കാനല്ല സർക്കാർ ശ്രമം. ഇന്നത്തെ കാലത്തിന്റെ അറിവുകൾ ആർജ്ജിക്കാൻ കുട്ടികൾക്ക് കഴിയണം. അതിനുള്ള നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഏഴാമത് ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ജനാധിപത്യവും പുരോഗമനപരവുമായ എല്ലാ പരിഷ്കരണങ്ങളേയും പുറകോട്ടടിപ്പിക്കുന്ന എഴുത്തു പരീക്ഷ നടത്തി കുട്ടികളെ തോൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ബാലസംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. നിലവാരത്തിന്റെ പേരിൽ കുട്ടികളെ തോൽപ്പിക്കാൻ പാടില്ല എന്ന ചർച്ച എത്രത്തോളം തെറ്റിദ്ധാരണയാണ് നിങ്ങളെ ബാധിച്ചതെന്ന് വ്യക്തമാക്കുന്നു. കുട്ടികളെ തോൽപ്പിക്കാനല്ല വിജയിപ്പിക്കാനാണ് ശ്രമം. നിലവാരത്തിന്റെ പേരിൽ ഇത്തരം കാര്യങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് നിങ്ങൾ പറയുന്നു. കുട്ടികൾക്ക് വായിക്കാനും എഴുതാനും ശേഷി വേണ്ടേ. ഇന്നത്തെ കാലത്തിന്റെ കഴിവ് കുട്ടികൾക്ക് ആർജ്ജിക്കാൻ സാധിക്കണ്ടേ. അതിന് അത്തരം കാര്യങ്ങൾ വേണമെന്ന് പറയുമ്പോൾ എതിർക്കേണ്ട ആവശ്യം എന്താണ്. നിലവാരമില്ലാത്ത കുട്ടിയായി വളർന്നാൽ കോളജിലും പ്രൊഫഷണൽ തലത്തിലും അത് പ്രതിഫലിക്കും. ദേശീയ ശരാശരിയേക്കാൾ പിറകിൽ നിൽക്കേണ്ടവരാണോ നമ്മൾ?
ചില കാര്യങ്ങളിൽ പിറകിലാണെങ്കിൽ അത് മനസിലാക്കിയാൽ മാത്രമേ പരിഹരിച്ച് പോകാൻ സാധിക്കൂ. ഓൾ പ്രൊമോഷൻ നയം വിചാരിച്ചപോലെ ഫലപ്രദമായില്ല. പഠിച്ചാലും പഠിച്ചില്ലെങ്കിലും പാസായി പോവുകയാണ്. എല്ലാവരും പാസാകണമെന്ന് പറയുമ്പോൾ നിലവാരത്തോടെ പാസാകണമെന്നാണ്ഉദ്ദേശിച്ചത്. പക്ഷേ ആ തലത്തിലേക്ക് എത്തിയില്ല. അതിന് അദ്ധ്യാപകരുടെ കൂട്ടായ പ്രവർത്തനമുണ്ടായില്ല. സബ്ജറ്റ് മിനിമം കിട്ടാത്തവരെ ആദ്യം തന്നെ പരാജയപ്പെടുത്തി വിടലല്ല. ആ സബ്ജറ്റ് മിനിമം നേടാൻ ആവശ്യമായ നടപടികൾ ആ സ്കൂളിൽ പ്രാവർത്തികമാക്കും. സബ്ജറ്റ് മിനിമം നേടാത്തവർ ആരാണോ അവർക്ക് പ്രത്യേക പരിശീലനം നൽകും.എല്ലാവരേയും നല്ല രീതിയിൽ വളരാൻ പ്രാപ്തരാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link