ഡ്രൈവർ വിശ്രമിക്കാൻ പോയപ്പോൾ ഹിറ്റാച്ചി പ്രവർത്തിപ്പിച്ച ഗൃഹനാഥന് ദാരുണാന്ത്യം

പാലാ: ഡ്രൈവർ വിശ്രമിക്കാൻ പോയപ്പോൾ ഹിറ്റാച്ചി പ്രവർത്തിപ്പിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ഗൃഹനാഥന് ദാരുണാന്ത്യം. കരൂർ കണ്ടത്തിൽ പോൾ ജോസഫാണ് (രാജു- 64) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ പയപ്പാറിൽ പുതുതായി നിർമ്മിക്കുന്ന വീടിന് പരിസരത്തെ മണ്ണ് നീക്കുന്നതിനിടെയാണ് സംഭവം.

രാവിലെ 8.30ഓടെയാണ് മണ്ണ് നീക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ഡ്രൈവർ വെള്ളം കുടിക്കാൻ പോയപ്പോഴാണ് ജെ.സി.ബിയും ഹിറ്റാച്ചിയും പ്രവർത്തിപ്പിച്ച് മുൻപരിചയമുണ്ടായിരുന്ന പോൾ ജോസഫ് ഹിറ്റാച്ചിയിലേക്ക് കയറിയത്. പ്രവർത്തിപ്പിക്കുന്നതിനിടെ മണ്ണിൽ ചെരിഞ്ഞ ഹിറ്റാച്ചി നിയന്ത്രണം വിട്ട് തൊട്ടടുത്ത റബർ മരത്തിലിടിച്ചു. സീറ്റിൽ നിന്ന് മുന്നോട്ട് ആഞ്ഞ പോളിന്റെ തല മരത്തിനും ഹിറ്റാച്ചിക്കും ഇടയിൽ കുടുങ്ങി തത്ക്ഷണം മരിക്കുകയായിരുന്നു. ഏറെ നാൾ മസ്‌ക്കറ്റിലായിരുന്ന ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം കരൂരാണ് താമസം. ഭാര്യ: ലൂസി കരൂർ (കവിയിൽ കുടുംബാംഗം). മക്കൾ: ജോസഫ് പോൾ (മസ്‌ക്കറ്റ്), ലിറ്റി പോൾ, രശ്മി പോൾ. പാലാ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം: നാളെ ഉച്ചയ്ക്ക് 2ന് കരൂർ തിരുഹൃദയ പള്ളി സെമിത്തേരിയിൽ.


Source link
Exit mobile version