KERALAMLATEST NEWS

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയിൽ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ച് കയറ്റിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് കോഴിക്കോട് കോട്ടൂളിയിൽ വച്ചായിരുന്നു സംഭവം.

മുഖ്യമന്ത്രി ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ സ്റ്റോപ്പിൽ നിർത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ടെടുക്കുകയായിരുന്നു. മുമ്പിലുള്ള എസ്‌കോ‌ർട്ട് വാഹനം കടന്ന് പോയതിനിടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവർ രാജേഷിനെതിരെ കേസെടുത്തിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടിരുന്നു. റോഡ് മുറിച്ചുകടന്ന സ്‌കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനായി എസ്‌കോർട്ട് വാഹനം ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്‌ച വൈകിട്ട് 6.30ഓടെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവും എസ്‌കോർട്ട് വാഹനങ്ങളും ആംബുലൻസും ഉൾപ്പെടെ അഞ്ച് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് അലക്ഷ്യമായി ഓടിച്ചുകയറ്റിയ സംഭവം. തിരുവനന്തപുരത്ത് നടന്ന അപകടത്തിൽ ആർക്കും പരിക്കില്ലാത്തതിനാലും വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകളില്ലാത്തതിനാലും കേസ് വേണ്ടെന്ന നിലപാടിലാണ് പൊലീസ്. വാഹനയാത്രക്കാരിയെ കുറിച്ചും കൂടുതൽ അന്വേഷണം ഉണ്ടാകില്ല. കേസില്ലാത്തിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്തുകയോ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയോ ചെയ്‌തിട്ടില്ല. ഇവരുടെ ഭാഗത്ത് മനഃപൂർവമായ തെറ്റുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ വാഹന യാത്രക്കാരിയെ വിളിച്ചുവരുത്തി കൂടുതൽ വിവാദങ്ങളുണ്ടാക്കണ്ടെന്നാണ് നിർദേശം.


Source link

Related Articles

Back to top button