‘ഗ്യാസ് ചേംബറായി’ ഡൽഹി, വായു ഗുണനിലവാര സൂചിക ‘വളരെ മോശം’; മുംബൈയിലും ചെന്നൈയിലും സ്ഥിതി രൂക്ഷം

‘ഗ്യാസ് ചേംബറായി’ ഡൽഹി നഗരം; വായു ഗുണനിലവാര സൂചിക ‘വളരെ മോശം’, മുംബൈ, ചെന്നൈ നഗരങ്ങളിലും വായുമലിനീകരണം രൂക്ഷം – Latest News | Manorama Online

‘ഗ്യാസ് ചേംബറായി’ ഡൽഹി, വായു ഗുണനിലവാര സൂചിക ‘വളരെ മോശം’; മുംബൈയിലും ചെന്നൈയിലും സ്ഥിതി രൂക്ഷം

ഓൺലൈൻ ഡെസ്ക്

Published: November 01 , 2024 10:21 AM IST

1 minute Read

പുക മഞ്ഞിൽ മുങ്ങിയ ഡൽഹി നഗരം (PTI Photo/Kamal Singh)

ന്യൂഡൽഹി∙ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി ഡൽഹി. നഗരത്തെ പൂർണമായും മൂടിയിരിക്കുകയാണ് വിഷപ്പുകമഞ്ഞ് . വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്– എക്യുഐ) വളരെ മോശം നിലയിലേക്കെത്തിയതായി മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. വെള്ളിയാഴ്ച ഡൽഹി ആനന്ദ് വിഹാറിലെ വായു നിലവാരം “വളരെ മോശം” വിഭാഗത്തിലായി. രാവിലെ 6 മണിക്ക് എക്യുഐ 395 ആയാണ് ഉയർന്നത്. നോയിഡ, ഗുരുഗ്രാം, തലസ്ഥാനത്തെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഹരിയാനയിലെ പല സ്ഥലങ്ങളിലും വ്യാഴാഴ്ച ദീപാവലി ആഘോഷത്തോടെ വായു ഗുണനിലവാര സൂചിക ‘മോശം’, ‘വളരെ മോശം’ വിഭാഗങ്ങളിലായി. പഞ്ചാബിലെയും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെയും വായു ഗുണനിലവാര സൂചിക ‘മോശം’ വിഭാഗത്തിലാണെന്നാണ് റിപ്പോർട്ട്.

ദ്വാരക-സെക്ടർ 8 – 375, രാജ്യാന്തര എയർപോർട്ട് മേഖല – 375, ജഹാംഗീർപുരി – 387, മുണ്ട്ക – 370, ആർകെ പുരം – 395, എന്നിങ്ങനെയാണ് ന്യൂഡൽഹി നഗരമേഖലയിലെ വായു ഗുണനിലവാര സൂചിക. പടക്ക നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡൽഹി സർക്കാർ 377 എൻഫോഴ്‌സ്‌മെന്റ് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. പ്രാദേശിക അസോസിയേഷനുകൾ വഴി ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തിയിരുന്നെങ്കിലും കിഴക്കൻ ഡൽഹിയിലും പടിഞ്ഞാറൻ ഡൽഹിയിലും നിയന്ത്രണങ്ങൾ വലിയ തോതിൽ ലംഘിക്കപ്പെടുന്നതായാണ് റിപ്പോർട്ട്. നഗരത്തിന്റെ 24 മണിക്കൂർ ശരാശരി എക്യുഐ 330 ആയാണ് മലിനീകരണ നിയന്ത്രണ ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ശരാശരി എക്യുഐ 307 ആയിരുന്നു

വ്യാഴാഴ്ച രാത്രി 11 മണിയോടെ ഹരിയാനയിലെ ഗുരുഗ്രാമിൽ എക്യുഐ – 322 ആയി. ജിന്ദിൽ 336, ചാർഖി ദാദ്രിയിൽ 306 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയതെന്ന് സിപിസിബി പ്രസിദ്ധീകരിച്ച ദേശീയ എക്യുഐയുടെ അപ്‌ഡേറ്റുകളിൽ വ്യക്തമാക്കുന്നുണ്ട്. പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നത് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ നവംബർ ആദ്യ വാരം ഡൽഹിയിലെ മലിനീകരണ തോത് ഇനിയും ഉയരാനാണ് സാധ്യത.

മുംബൈ നഗരത്തിലും സ്ഥിതി വ്യത്യസ്തമല്ല. ‌കഴിഞ്ഞ ദിവസങ്ങളിൽ, ബാന്ദ്ര, വഡാല, ബികെസി, കാന്തിവ്‌‌ലി, മലാഡ് തുടങ്ങിയ ഇടങ്ങളിൽ വായു ഗുണനിലവാര സൂചിക 200ന് മുകളിലാണ് (മോശം വിഭാഗം) രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ 300ന് മുകളിലേക്കു പോകുമെന്ന് മുന്നറിയിപ്പുണ്ട്. ദീപാവലിയോട് അനുബന്ധിച്ച് പടക്കങ്ങൾ പൊട്ടിക്കുന്നതും വായുനില മോശമാക്കുന്നു. അടുത്ത 48 മണിക്കൂറും മുംബൈ നഗരത്തിൽ മൂടൽ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇത് മാലിന്യം അടങ്ങിയ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കാരണമാകും. 

ആസ്മ, അലർജി രോഗികളും മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെയുള്ളവർ വായുമലിനീകരണം മൂലം വലിയ ദുരിതം അനുഭവിക്കേണ്ടി വരുന്നു. അന്തരീക്ഷം മലിനമാക്കുന്ന നിർമാണപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നടപടി വേണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. എല്ലാ രംഗത്തും മലിനീകരണം കുറയ്ക്കാൻ ചട്ടങ്ങൾ നിർബന്ധമാക്കണമെന്നും ഓരോ പൗരനും ലഭിക്കേണ്ട അവകാശമാണ് ശുദ്ധവായുവെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

English Summary:
Delhi and Mumbai Gasp for Clean Air After Diwali

5cke50t46o7vjo0364gj642u9l mo-religion-diwali mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews


Source link
Exit mobile version