KERALAMLATEST NEWS

ഗോധ്ര ട്രെയിൻ കത്തിക്കലിനെക്കുറിച്ച് കുട്ടികൾ പഠിക്കേണ്ട; സ്കൂൾ ക്ളാസിലെ പാഠപുസ്തകങ്ങൾ പിൻവലിച്ച് രാജസ്ഥാൻ

ജയ്പൂർ: ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെക്കുറിച്ചുള്ള ഭാഗങ്ങൾ അടങ്ങിയ പാഠപുസ്തകങ്ങൾ പിൻവലിച്ച് രാജസ്ഥാൻ സർക്കാർ. സംഭവത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ കുട്ടികൾക്കുനൽകുന്നു, കൊലയാളികളെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നു തുടങ്ങിയ കാരണങ്ങളാലാണ് പുസ്തകം പിൻവലിക്കുന്നതെന്നാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാർ പറയുന്നത്. വിഷയം ഇനിമുതൽ സ്കൂൾ കുട്ടികൾ പഠിക്കേണ്ടെന്നാണ് സർക്കാർ തീരുമാനമെന്നും കുട്ടികളെ തെറ്റിദ്ധരിപ്പിച്ചത് അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. 9 മുതൽ 12 വരെയുള്ള ക്ളാസുകളിലെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന പുസ്തകങ്ങളാണ് പിൻവലിക്കുന്നത്.

‘ഗോധ്ര സംഭവത്തെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു. ഗോധ്രയിൽ ട്രെയിൻ കത്തിച്ചവരെ ഹിന്ദുക്കളാക്കി ചിത്രീകരിക്കുകയും അവരെ കു​റ്റവാളികൾ എന്ന് വിളിക്കുകയും ചെയ്യുന്നു. അന്നത്തെ ഗുജറാത്ത് സർക്കാരിനെക്കുറിച്ച് തെ​റ്റായ കാര്യങ്ങൾ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്’- മദൻ ദിലാർ പറഞ്ഞു. ഗെലോട്ട് സർക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗോവിന്ദ് സിംഗ് ദോതസ്ര ഇക്കാര്യത്തിൽ ഗൂഢാലോചന നടത്തിയെന്നും മദൻ ദിലാർ ആരോപിച്ചു. എന്നാൽ ആരോപണം ദോതസ്ര നിഷേധിച്ചു.

ഗോധ്ര സംഭവത്തെക്കുറിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഹർഷ് മന്ദർ എഴുതിയ കുറിപ്പുകളായിരുന്നു പാഠപുസ്തകത്തിൽ ഉണ്ടായിരുന്നത്. ട്രെയിൻ കത്തിക്കൽ സംഭവത്തെക്കുറിച്ചും ഇതിനെത്തുടർന്ന് ഒരു വിഭാഗം ആക്രമിക്കപ്പെട്ടതിനെക്കുറിച്ചെല്ലാം ഇതിൽ വിവരിച്ചിരുന്നു. ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാൻ ഇതര മതസ്ഥർ വ്യക്തിത്വം മറച്ചുവച്ച് ജീവിക്കേണ്ടി വന്നുവെന്നും നിരവധി കുട്ടികൾ ഇപ്പോഴും കാണാമറത്താണെന്നും ഇതിൽ പരാമർശമുണ്ടായിരുന്നു. ഇത്തരം പരാമർശങ്ങാണ് ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സർക്കാരിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഗുജറാത്ത് കലാപത്തിനുശേഷം സർവീസിൽ നിന്ന് വിരമിച്ച ഹർഷ് മന്ദർ നിലവിൽ ഒരു എൻജിഒയിൽ ജോലിചെയ്യുകയാണ്. വിദേശ സംഭാവന നിന്ത്രണ ചട്ടങ്ങൾ ലംഘിച്ചു എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ നേരത്തേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

2002 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്​റ്റേഷനിൽ വച്ച് അയോദ്ധ്യയിൽ നിന്നുള്ള തീർത്ഥാടകൾ ഉൾപ്പെടെ കയറിയ സബർമതി എക്സ്‌പ്രസിന്റെ എസ് 6 കോച്ച് അഗ്നിക്കിരയാക്കി.59 പേരാണ് വെന്തുമരിച്ചത്. ഈ സംഭവമാണ് ഗുജറാത്ത് കലാപത്തിന് കാരണമായത്. കലാപത്തിൽ 1,044 പേർ കൊല്ലപ്പെടുകയും 223 പേരെ കാണാതാവുകയും 2,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്കുകൾ.


Source link

Related Articles

Back to top button