“ഇപ്പോഴും കടത്തിക്കൊണ്ടിരിക്കുന്ന സ്വർണത്തെക്കുറിച്ച് അന്വേഷിക്ക്”; കൊടകര കുഴൽപ്പണ കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രിയുടെ മറുപടി
തൃശൂർ: കൊടകര കുഴൽപ്പണ കേസ് മാദ്ധ്യമങ്ങൾ കെട്ടിച്ചമച്ചതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കുഴൽപ്പണക്കേസിനെക്കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോട് സ്വർണക്കടത്തിനെക്കുറിച്ച് അന്വേഷിക്കാനായിരുന്നു മന്ത്രിയുടെ പരിഹാസം.
‘ഇപ്പോഴും കടത്തിക്കൊണ്ടിരിക്കുന്ന സ്വർണം, അതിന്റെ കാശൊക്കെ തീവ്രവാദത്തിനാണോ കൊടുത്തതെന്നും അന്വേഷിക്ക്. ഇതെല്ലാം നിങ്ങളുടെ കഥയല്ലേ. നിങ്ങൾ സി ബി ഐയെ വിളിക്കാൻ പറ. അതിനപ്പുറം എന്താ. ഞാൻ വളരെ ട്രാൻസ്‌പാരന്റാണ്. നിങ്ങൾ പൊലീസും അന്വേഷണ ഉദ്യോഗസ്ഥരുമൊന്നും ആകരുത്. അതിന് ഒരു യോഗ്യതയും നിങ്ങൾക്കില്ല.’ – സുരേഷ് ഗോപി പറഞ്ഞു.
കൊടകര കുഴപ്പണ ഇടപാട് യഥാർത്ഥത്തിൽ നടന്ന സംഭവം തന്നെയാണെന്ന് ബിജെപി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്. പണം കൈകാര്യം ചെയ്തതിന്റെ തെളിവുകൾ തന്റെ കൈയിലുണ്ടെന്ന് അൽപം മുമ്പ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. കേസ് ഇപ്പോൾ ചർച്ചയാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഓഫീസ് സെക്രട്ടറിയെ രണ്ടുവർഷം മുമ്പ് പുറത്താക്കിയതാണ്. തിരൂർ സതീഷ് ഇപ്പോൾ ആർക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണം. പാലക്കാട് യുഡി,എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുന്ന പിആർ ഏജൻസി ആണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Source link