KERALAMLATEST NEWS

വിവാദ മൊഴി: കണ്ണൂർ കളക്ടറുടെ നീക്കം ദുരൂഹം

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിനെ സംശയനിഴലിലാക്കി പി.പി.ദിവ്യയ്ക്ക് അനുകൂലമായ മൊഴി നൽകിയ ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ നീക്കങ്ങൾ ദുരൂഹമാണെന്ന ആക്ഷേപം ശക്തമായി. ദിവ്യയെ രക്ഷിക്കാനാണോ ഇതെന്നാണ് സംശയം. ദിവ്യയെ യാത്രഅയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന മൊഴി ആവർത്തിക്കാൻ തുടർച്ചയായി മാദ്ധ്യമങ്ങളെ കണ്ട കളക്ടർ തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞിട്ടുണ്ടെന്ന കാര്യം ഒരിക്കൽപോലും വ്യക്തമാക്കിയിട്ടില്ല. നവീനിന്റെ മരണത്തിന് പിറ്റേദിവസം റവന്യുമന്ത്രിക്ക് കളക്ടർ നൽകിയ റിപ്പോർട്ടിലും ഈ പരാമർശമുണ്ടായിരുന്നില്ല. വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറോടും ഇക്കാര്യം പറഞ്ഞിട്ടില്ല.

അത്തരമൊരു കാര്യം പൊലീസിനോട് മാത്രം പറഞ്ഞതിലാണ് ദുരൂഹത ആരോപിക്കപ്പെടുന്നത്. ദിവ്യയുടെ അറസ്റ്റിനുശേഷം സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ ഈ മൊഴിയാണ് പ്രതിഭാഗം കച്ചിത്തുരുമ്പാക്കിയിരിക്കുന്നത്. കളക്ടറുടെ മൊഴിക്കെതിരെ കോൺഗ്രസും മുസ്ലിംലീഗും ബി.ജെ.പിയും രംഗത്തെത്തി. അതേസമയം,​ കളക്ടറെ അവധിയെടുപ്പിക്കാനുള്ള നീക്കവും റവന്യുവകുപ്പിൽ നടക്കുന്നുണ്ടെന്ന് സൂചനയുണ്ട്.

സംശയാസ്പദ നീക്കങ്ങൾ

1.തെറ്രുപറ്റിയെന്ന് നവീൻബാബു തന്നോട് പറഞ്ഞെന്ന വിവരം പ്രാഥമിക റിപ്പോർട്ടിലും ജോയിന്റ് കമ്മിഷണർക്ക് നൽകിയ മൊഴിയിലും മറച്ചുവച്ചശേഷം പൊലീസിനോട് മാത്രം പറഞ്ഞതെന്തിന്?​

2.ഇതിൽ വ്യക്തത വരുത്താൻ കളക്ടർ ഇതുവരെ തയ്യാറായിട്ടില്ല. എല്ലാം മൊഴിയിലുണ്ടെന്ന് മാത്രമാണ് കളക്ടർ പറയുന്നത്

3.യാത്രഅയപ്പ് ചടങ്ങ് നടക്കുന്ന സമയം മൂന്നുമണിയല്ലേ എന്ന് കളക്ടർ സ്റ്റാഫ് കൗൺസിലിലെ ചിലരോട് ആവർത്തിച്ച് ചോദിച്ചത് ദിവ്യ ചടങ്ങിനെത്തുമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നതിന്റെ തെളിവാണെന്നും ആക്ഷേപം

ജീവനക്കാരോട്

ശത്രുതയെന്ന്

കീഴുദ്യോഗസ്ഥരോട് കളക്ടർ മോശമായി പെരുമാറാറുണ്ടെന്നാണ് ജീവനക്കാരുടെ ആരോപണം. ഇക്കാര്യത്തിൽ ഭരണ,​ പ്രതിപക്ഷ സർവീസ് സംഘടനകൾക്കടക്കം പ്രതിഷേധമുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്കല്ലാതെ കളക്ടറുടെ ചേംബറിലേക്ക് പ്രവേശനമില്ലെന്നും ആക്ഷേപമുണ്ട്.

”കളക്ടറും ദിവ്യയും തമ്മിലുളള ഫോൺ സംഭാഷണങ്ങൾ പരിശോധിക്കണം. കളക്ടറുടെ പങ്ക് പുറത്തുവരണം. വകുപ്പുതല അന്വേഷണത്തിൽപോലും പറയാത്ത കാര്യമാണ് കളക്ടർ പൊലീസിനോട് പറഞ്ഞത്.
– അഡ്വ. മാർട്ടിൻ ജോർജ്

ഡി.സി.സി അദ്ധ്യക്ഷൻ


Source link

Related Articles

Back to top button