കേന്ദ്രഫണ്ടിനായി ഡി.എ കുടിശികയിൽ മറിമായം , ജീവനക്കാർക്ക് ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം നികത്താനാവശ്യമായ കേന്ദ്രഫണ്ട് നേടിയെടുക്കാൻ ഡി.എ കുടിശികയിൽ മറിമായം. അടുത്തമാസം ധനകാര്യകമ്മിഷൻ സംസ്ഥാനത്ത് തെളിവെടുപ്പിന് എത്തുമ്പോൾ അവരുടെ കണ്ണിൽ പൊടിയിടുന്ന തരത്തിലാണ് ഡി.എ അനുവദിച്ചുകൊണ്ടുള്ള രണ്ട് ഉത്തരവുകൾ.
ശമ്പളപരിഷ്കരണത്തിനുശേഷം നൽകിയ ഡി.എ കുടിശികയിൽ രണ്ടെണ്ണം മുൻകാലപ്രാബല്യവും അതുപ്രകാരമുള്ള കുടിശികയും രേഖപ്പെടുത്താതെയാണ് അനുവദിച്ച് ഉത്തരവായത്. കുടിശികയില്ലാതെ ഡി.എ സഹിതം അനുവദിച്ച സംസ്ഥാനം എന്ന പരിഗണനകൂടി റവന്യു ഡെഫിസിറ്റ് ഗ്രാന്റ് അനുവദിക്കുമ്പോൾ ഉണ്ടാകാനാണിതെന്നാണ് സൂചന. കഴിഞ്ഞ തവണ 53,137 കോടിയാണ് ഈ ഇനത്തിൽ ലഭിച്ചത്. ഇതിനനുസരണമായ ഗ്രാന്റ് നേടിയെടുക്കുകയാണ് ലക്ഷ്യം.
2021നു ശേഷം ഇതുവരെ 24% ഡി.എ ആണ് നൽകാനുണ്ടായിരുന്നത്. ഇതിന് 17,000കോടിയെങ്കിലും വേണം. ഈ വർഷം ഏപ്രിലിൽ 2%ഉം ഒക്ടോബറിൽ 3%ഉം നൽകിയതോടെ കുടിശിക 19% ആയി. ക്രമപ്രകാരം ഡി.എ അനുവദിച്ചിരുന്നെങ്കിൽ 2021 ജനുവരി മുതലും ജൂലായ് മുതലുമുള്ള മുൻകാല പ്രാബല്യത്തോടെ അനുവദിക്കേണ്ടിവരുമായിരുന്നു.അതിന് 39മാസത്തെ വീതം കുടിശിക നൽകണം. 8200കോടി അതിനുവേണ്ടിവരും.എന്നാൽ, നടപ്പുവർഷത്തെ മാത്രം ഡി.എ നൽകുമ്പോൾ സർക്കാർ ചെലവ് 2000കോടിയിൽ ഒതുങ്ങും.മാത്രമല്ല, മുൻകാലപ്രാബല്യത്തിന്റെ സൂചന നൽകാതെ ഉത്തരവിറക്കുമ്പോൾ അതത് വർഷം ഡി.എ അനുവദിച്ചുപോരുന്നുവെന്ന തോന്നലുമുണ്ടാകും.
ഡി.എയ്ക്കു മാത്രം 17000കോടിയും 2021ൽ നടപ്പാക്കിയ ശമ്പളപരിഷ്കരണത്തിലൂടെ വർഷത്തിൽ 25,000കോടിയും അധിക ചെലവുണ്ടായിട്ടുണ്ട്. അഞ്ചുവർഷത്തിൽ 1.25ലക്ഷം കോടിയുടെ ബാദ്ധ്യത. ഇത്തരത്തിൽ റവന്യുചെലവിലുണ്ടാകുന്ന അധികവർദ്ധന വരവും ചെലവും തമ്മിലുള്ള അന്തരം കൂട്ടാനിടയാക്കും.ഇത് പരിഹരിക്കാൻ റവന്യു ഡെഫിസിറ്റ് ഗ്രാന്റായി വൻ സഹായം കേന്ദ്രത്തിൽ നിന്ന് ലഭിക്കാൻ അർഹതയുണ്ട്. അതിനു പര്യാപ്തമാകുന്ന തരത്തിലാണ് ഈ വർഷം ഡി.എ ഉത്തരവിറക്കിയതെന്നാണ് അറിയുന്നത്.
റവന്യു ഗ്രാന്റിന്റെ വഴി
അഞ്ചുവർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം. അതുൾപ്പെടെ റവന്യുചെലവിലുണ്ടാകുന്ന വർദ്ധനയും വരവിലെ കുറവുമാണ് ഡെഫിസിറ്റ് ഗ്രാന്റിന് വഴിയൊരുക്കുന്നത്. നടപ്പുവർഷത്തെ ചെലവും അടുത്ത അഞ്ചുവർഷമുണ്ടാകാനിടയുള്ള ചെലവും ഗ്രാന്റ് നിശ്ചയിക്കുന്നതിൽ മാനദണ്ഡമാണ്. ഉത്പാദന മേഖലയിലുണ്ടായ മുരടിപ്പും സാമ്പത്തിക പ്രതിസന്ധിയും പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടായ ബാദ്ധ്യതകളും കൂടുതൽ സഹായം ലഭിക്കാൻ പര്യാപ്തമാകുന്നതാണ്. കഴിഞ്ഞ തവണ ഗ്രാന്റ് ഏറ്റവും കൂടുതൽ ലഭിച്ചത് കേരളത്തിനാണ്. ശമ്പളപരിഷ്കരണത്തിൽ 15000കോടിയുടെ അധികബാദ്ധ്യതയാണ് അന്നുണ്ടായത്.
ജീവനക്കാരുടെ ആശങ്ക
മുൻകാലപ്രാബല്യമില്ലാതെ ഡി.എ അനുവദിക്കുന്നത് കുടിശിക എന്നന്നേക്കുമായി നഷ്ടപ്പെടാൻ ഇടയാവുമെന്നാണ് ആശങ്ക. ആറു ഗഡുവായി 19% ആണ് കിട്ടാനുള്ളത്. ഡി.എ ശമ്പളത്തിന്റെ ഭാഗമല്ലെന്നും ആനുകൂല്യം മാത്രമാണെന്നും നിർവചനമുണ്ട്. അതിനാൽ ഡി.എ നൽകിയില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യാൻ പരിമിതിയുണ്ട്.
“മുൻകാലപ്രാബല്യമില്ലാതെ ഡി.എ അനുവദിക്കുന്നത് ക്രമപ്രകാരം നൽകുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ്
ടി.ഐ.അജയകുമാർ,പ്രസിഡന്റ്,
കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് സംഘ്
”മുൻകാലപ്രാബല്യമില്ലാത്ത ഡി.എ ഉത്തരവ് സർക്കാരിന്റെ കള്ളക്കളിയാണ്. കേന്ദ്ര ധനകാര്യകമ്മിഷനെയും ജനങ്ങളെയും ജീവനക്കാരെയും കബളിപ്പിക്കുന്നതാണിത്
എം.എസ്.ഇർഷാദ്,പ്രസിഡന്റ്,
കേരള സെക്രട്ടേറിയറ്റ് അസോ.
Source link